എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. വിദേശത്തുനിന്നെത്തുന്ന രോഗലക്ഷണമുള്ളവര്‍ക്കായി ഐസൊലേഷനായി മൂന്ന് ആശുപത്രികള്‍ സജ്ജീകരിച്ചു. അന്താരാഷ്ട്ര യാത്രക്കാര്‍ എമിഗ്രേഷന്‍ വിഭാഗത്തിന് സെല്‍ഫ് ഡിക്ലറേഷന്‍ സമര്‍പ്പിക്കണമെന്നും സിയാല്‍ അധികൃതര്‍ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രി, കളമശേരി മെഡിക്കല്‍ കോളജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഐസൊലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിമാനത്താവളത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം തുടരും. തെര്‍മല്‍ സ്‌കാനിങ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍, ട്രാവല്‍ ഹിസ്റ്ററി പരിശോധന എന്നിവയും ഏര്‍പ്പെടുത്താന്‍ തീരുമാനമായി. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എബോള വൈറസിന്റെ അഞ്ച് സ്പീഷിസുകളില്‍ ബുണ്ടിബുഗ്യോ എബോള വൈറസ് (BDBV) വകഭേദത്തിന് ഇതുവരെ ഫലപ്രദമായ വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല.
രോഗബാധയ്ക്ക് ശേഷം 2 മുതല്‍ 21 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ കാലയളവ്. പനി, തൊണ്ടവേദന, തലവേദന എന്നിവ ഉള്‍പ്പെടെയുള്ള ഫ്‌ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തില്‍ കാണപ്പെടുന്നത്. രോഗത്തിന്റെ മരണനിരക്ക് 30 മുതല്‍ 50 ശതമാനം വരെയാണെന്നും യോഗത്തില്‍ വിശദീകരിച്ചു. ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണ വിധേയരാക്കും.




