മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കല്‍; സമവായ ചര്‍ച്ച ഇന്ന് രാത്രി കൊച്ചിയില്‍

എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി സമവായ ചര്‍ച്ച. കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മന്ത്രി റോജി എം ജോണ്‍, വി.പി സജീന്ദ്രന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. ഉന്നതിയില്‍ ഉള്ളവരുമായും പരാതിക്കാരുമായും സംസാരിക്കും. കളക്ടറേറ്റില്‍ രാത്രി എട്ട് മണിയ്ക്കാന്‍ ചര്‍ച്ച നടക്കുക. നാളെ വൈകിട്ടോടുകൂടി മലയിടംതുരുത്തില്‍ താമസിക്കുന്ന എട്ട് ദളിത് കുടുംബങ്ങളെയും ഒഴിപ്പിക്കണമെന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. നാളെ രാവിലെ അഡ്വക്കേറ്റ് കമ്മീഷന്‍ പൊലീസ് സംഘവുമായി എത്താനാണ് സാധ്യത. ഈ സമയത്താണ് സര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍. കുടുംബങ്ങളുമായി ചര്‍ച്ച നടത്താന്‍ മന്ത്രി റോജി എം ജോണിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്തിന് തൊട്ടു പുറകെയുള്ള വെല്ലുവിളിയാണ് കുന്നത്ത്‌നാട് മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍ പ്രശ്‌നം എങ്ങനെ രമ്യമായി പരിഹരിക്കും എന്നത്.കോടതിയില്‍ സാവകാശം തേടാനും സാധ്യതയുണ്ട് . അതിനിടെ പ്രദേശത്ത് സമരം കടുപ്പിക്കുകയാണ് സിപിഐഎം. രണ്ടേക്കര്‍ 65 സെന്റ് ഭൂമിയിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഒരു കാരണവശാലും ഒഴിയില്ലെന്നാണ് കുടുംബങ്ങള്‍ വ്യക്തമാക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയെ നിലവിലെ സംഘര്‍ഷ സാഹചര്യം ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം.

2022 ലാണ് 19 ഏക്കറിയില്‍ വരുന്ന രണ്ട് ഏക്കര്‍ 60 സെന്റ് ഭൂമി കിഴക്കമ്പലം സ്വദേശിയായ സ്വകാര്യ വ്യക്തിയുടേതാണെന്ന് കോടതി ഉത്തരവ് വരുന്നതും അഭിഭാഷക കമ്മീഷനെ നിയമിക്കുന്നതും, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാലങ്ങളായി നീങ്ങുന്ന അതിനോടൊപ്പം, വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരുടെ മുന്നോട്ടുള്ള ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്.

Scroll to Top