സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ആശങ്ക രേഖപ്പെടുത്തി KSRTCയിലെ പ്രതിപക്ഷ യൂണിയനുകള്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയനുകള്‍. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സിഐടിയു. ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബി എം എസ് ആവശ്യപ്പെട്ടു. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 24 പേര്‍ പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്‌തെന്നും സിഐടിയു. പദ്ധതി നടത്തിപ്പിലൂട സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാല്‍ ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം കെഎസ്ആര്‍ടിസിയിക്ക് നഷ്ടം 112 കോടി രൂപയാണ്. മൂന്നുമാസത്തിനുള്ളിലാണ് നഷ്ടം ഇത്രയധികം ആകുന്നത്.ഈ ഭീമമായ കണക്ക് കെഎസ്ആര്‍ടിസി എംഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭായോഗത്തിനു മുന്‍പാകെ വിവരങ്ങള്‍ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തിനും ഇന്ധനത്തിനുമായി 125 കോടിയിലധികം രൂപ സര്‍ക്കാര്‍ മുന്നേ തന്നെ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നുണ്ട്. അതിനുപുറമെയാണ് ടിക്കറ്റ് വരുമാനത്തില്‍ വരുന്ന നഷ്ടം കൂടി വഹിക്കേണ്ടി വരുക. ജൂണ്‍ 15ന് മുന്‍പായി പുതിയ സ്‌കീം തയ്യാറാക്കുക, ഫിനാന്‍ഷ്യല്‍ റോഡ് മാപ്പ് തയ്യാറാക്കുക തുടങ്ങിയ കടമ്പകളും സര്‍ക്കാരിന്റെ മുന്നിലുണ്ട്. തുടര്‍ തീരുമാനങ്ങള്‍ മുഖ്യമന്ത്രിക്ക് വിടാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. സര്‍ക്കാരിന്റെ അധികസഹായമുണ്ടെങ്കില്‍ പദ്ധതി നടപ്പിലാക്കാമെന്ന് കെഎസ്ആര്‍ടിസിയുടെ നിലപാട്.

Scroll to Top