സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലെ മുന്നറിയിപ്പ് പിന്‍വലിച്ചു. 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കാലവര്‍ഷത്തിനായി കാത്തിരിക്കണം. കാലവര്‍ഷം നാളെയില്ല. നാളെ കേരളത്തില്‍ എത്തുമെന്നായിരുന്നു മുന്‍ പ്രവചനം.
അതേ സമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.




