ജനകീയമായി ‘നമസ്തേ കളക്ടര്‍’; സന്ദേശിന് മൂന്നാം ദിവസം സൈക്കിളെത്തി

അധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ‘നമസ്തേ കളക്ടര്‍’ പരിപാടിയിലൂടെ സന്ദേശിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി. കുമ്പള മാവിനക്കട്ടെ കൊറഗ ഉന്നതി ബാലസഭാംഗമായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സന്ദേശ് ആവശ്യപ്പെട്ട സൈക്കിള്‍ മൂന്നാം ദിവസം തന്നെ കളക്ടര്‍ എത്തിച്ചു നല്‍കി. കുടുംബശ്രീ മിഷന്റെ കൊറഗ സ്പെഷ്യല്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ‘നമസ്തേ കളക്ടര്‍’ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത സന്ദേശ്, തനിക്ക് പഠന ആവശ്യങ്ങള്‍ക്കായി ഒരു സൈക്കിള്‍ വേണമെന്ന ആഗ്രഹം കളക്ടറോട് നേരിട്ട് പങ്കുവെക്കുകയായിരുന്നു. കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ച കളക്ടര്‍, ഒട്ടും വൈകാതെ തന്നെ സൈക്കിള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലുന്ന ‘നമസ്തേ കളക്ടര്‍’ പരിപാടി കൂടുതല്‍ ജനകീയമാവുന്നതിന്റെ തെളിവാണ് സന്ദേശിന് ലഭിച്ച ഈ വേഗത്തിലുള്ള സഹായമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ കെ.രതീഷ് കുമാര്‍ പറഞ്ഞു. സന്ദേശിനുള്ള സൈക്കിള്‍ വിതരണം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രതീഷ് കുമാര്‍ മുഖ്യാതിഥിയായി. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്റ് എം.ബള്‍ക്കീസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി എം.ടി.ഖാലിദ്, ഇനാസ് പവാസ് കോഹിനൂര്‍, ഗ്രാമപഞ്ചായത്തംഗം എം.സബൂറ,മെമ്പര്‍ സെക്രട്ടറി കെ. ഷൈജു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ താഹിറ, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം കിഷോര്‍ കുമാര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശോഭിത, അസിസ്റ്റന്റ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ യദുരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Scroll to Top