മുഖ്യമന്ത്രിയുടെ ‘മോഡിഫിക്കേഷന്‍ ഗാരണ്ടി’ പാളുന്നു? അനുവദനീയമായ മാറ്റങ്ങള്‍ മാത്രം ആകാമെന്ന് MVD


സര്‍ക്കാര്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരവെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ഗതാഗത കമ്മീഷണര്‍. അനുവദനീയമായ വാഹന മാറ്റങ്ങള്‍ മാത്രം ആകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആള്‍ട്രേഷന്‍ വിഭാഗം സെക്ഷന്‍ 52നെ കുറിച്ച് പരാമര്‍ശമില്ല. സര്‍ക്കാര്‍ പരിശോധിച്ച് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കും. മോട്ടാര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഇങ്ങനെയാണ്;

സീറ്റ് കവറുകള്‍, ഫ്‌ലോര്‍ മാറ്റുകള്‍, സ്റ്റിയറിംഗ് വീല്‍ കവറുകള്‍, ക്രോം ഗാര്‍ണിഷ്, ഡോര്‍ വൈസറുകള്‍, മഡ് ഫ്‌ലാപ്പുകള്‍ എന്നിവ അനുമതിയില്ലാതെ മാറ്റി ഉപയോഗിക്കാം.
അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കാം.
വാഹനത്തിനുള്ളില്‍ ഇന്റീരിയര്‍ ആംബിയന്റ്സ് ലൈറ്റിങ് ഉപയോഗിക്കാം.
ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിറ്റം വെക്കാം.
കൂടുതല്‍ സ്പീക്കറുകള്‍ ഘടിപ്പിക്കാം
സുരക്ഷയ്ക്കായി ഡാഷ് കാമറ, റിവേഴ്സ് കാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിറ്റം എന്നിവ വാഹനത്തില്‍ ഘടിപ്പിക്കാം.
ടൗ ഹൂക്കുകളും അനുവദനീയമാണ്.
ലഗേജുകള്‍ കൊണ്ടുപോകാന്‍ റൂഫ് കാരിയറുകള്‍ ഘടിപ്പിക്കാവുന്നതാണ്.
50 ശതമാനം കാഴ്ച ലഭിക്കുന്ന സണ്‍ ഫിലിമുകളും ഒട്ടിക്കാം.
മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍ (CMVRലെ റൂള്‍ 112 പ്രകാരം RCയില്‍ രേഖപ്പെടുത്തേണ്ടവ) ഇങ്ങനെയാണ്;

നിറം മാറ്റുന്നതിന് പണമടച്ച് പ്രത്യേക അനുമതി വാങ്ങേണ്ടതാണ്.
പുതിയ എഞ്ചിന്‍ മാറ്റിവെക്കുന്നതിന് അനുമതി ആവശ്യമാണ്.
എല്‍പിജി/സിഎന്‍ജി (LPG/CNG) തുടങ്ങിയ റെട്രോഫിറ്റ്മെന്റ് കിറ്റുകള്‍ ഘടിപ്പിക്കുന്നതിന് അനുമതി വേണം.
സാധാരണ വാഹനത്തെ EV ആയി മാറ്റുന്നതിനും അനുമതി വേണം.
വാഹനത്തിന്റെ ചേസിസ് ഫ്രെയിം (Chassis frame) മാറ്റുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

Scroll to Top