കോഴിക്കോട് ബസ് ടെര്‍മിനലിലെ സീലിങ് അടര്‍ന്നുവീണ് 2 യാത്രക്കാര്‍ക്ക് പരിക്ക്

മാവൂര്‍ റോഡ് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലെ ജിപ്‌സം സീലിങ് അടര്‍ന്നുവീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ 1.22 ഓടെയായിരുന്നു അപകടം. മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റിന് താഴെ ഘടിപ്പിച്ചിരുന്ന ജിപ്‌സം സീലിങ് ഇളകി താഴേക്ക് പതിക്കുകയായിരുന്നു. മാനന്തവാടി, തൊട്ടില്‍പാലം ബസുകള്‍ എത്തുന്ന പതിമൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന് സമീപമാണ് അപകടമുണ്ടായത്.
ബസ് കാത്ത് ടെര്‍മിനലിലെ ഇരിപ്പിടത്തില്‍ ഇരിക്കുകയായിരുന്ന ആലപ്പുഴ കായംകുളം കിരിക്കാട് സ്വദേശി മധു (58), വയനാട് മാനന്തവാടി ചെറുപുഴ സ്വദേശി അജിത്ത് (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരുടെയും തലയ്ക്ക് ചെറിയ മുറിവുകളേറ്റതായാണ് വിവരം.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ജിപ്‌സം സീലിങ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലഘുഭക്ഷണശാലയ്ക്ക് സമീപം പൊട്ടിവീണിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ അപകടം. നിലവില്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ സീലിങ്ങും ഏതുനിമിഷവും അടര്‍ന്നുവീഴാവുന്ന അപകടാവസ്ഥയിലാണ്.
2021-ല്‍ മദ്രാസ് ഐഐടി നടത്തിയ പരിശോധനയില്‍ തന്നെ ഈ ബസ് ടെര്‍മിനല്‍ സമുച്ചയത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ 90 ശതമാനം തൂണുകള്‍ക്കും, 80 ശതമാനം ബീമുകള്‍ക്കും സ്ലാബുകള്‍ക്കും ബലക്ഷയമുണ്ടെന്നും 30 കോടിയിലധികം രൂപ ചെലവഴിച്ച് ഇവ അടിയന്തരമായി ബലപ്പെടുത്തണമെന്നുമായിരുന്നു ഐഐടിയുടെ പഠന റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ വിദഗ്ധ സംഘവും കെട്ടിടത്തില്‍ വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആര് നടത്തണം, ചെലവ് ആര് വഹിക്കണം എന്നതിനെച്ചൊല്ലി സര്‍ക്കാരും പാട്ടക്കാരായ അലിഫ് ബില്‍ഡേഴ്‌സും തമ്മില്‍ കോടതിയില്‍ നിലനില്‍ക്കുന്ന നിയമതര്‍ക്കമാണ് അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണം. കെട്ടിടം കെടിഡിഎഫ്‌സി ബലപ്പെടുത്തി നല്‍കണമെന്നാണ് പാട്ടക്കമ്പനിയുടെ വാദം. എന്നാല്‍ നിലവിലെ അവസ്ഥയിലാണ് കെട്ടിടം കൈമാറിയതെന്നും, പാര്‍ക്കിങ്, ശുചിമുറി ഫീസുകള്‍ ഉള്‍പ്പെടെ കരാറുകാരാണ് പിരിക്കുന്നതെന്നും അതിനാല്‍ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കമ്പനിക്കാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

Scroll to Top