സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്; കണ്ണൂരില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂരില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം കൊല്ലം ഇടുക്കി എറണാകുളം തൃശൂര്‍ മലപ്പുറം കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

കാസര്‍ഗോഡ് കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക്. കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യത.

അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്‍) കേന്ദ്ര ജല കമ്മിഷന്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ പുലര്‍ച്ചെ 05.30 വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഇന്‍കോയിസ്) അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Scroll to Top