മധ്യപ്രദേശില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഫലം പ്രഖ്യാപിച്ചതിനാല്‍ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഹര്‍ജിയായി ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു.
ദില്ലി: മധ്യപ്രദേശില്‍ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ കോണ്‍?ഗ്രസ് നേതാവ് മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹര്‍ജിയായി ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മനു അഭിഷേക് സിങ്‌വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാര്‍ത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനില്‍ക്കെ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ ഇടപെട്ട മുന്‍കാല കേസുകളും ഇല്ല. അതിനാല്‍ നിലവില്‍ ഇടപെടുന്നില്ലെന്നും ഈ കേസില്‍ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയെ ബാധിക്കേണ്ടതില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അടുത്ത നടപടി എന്തെന്ന് പാര്‍ട്ടി കൂടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് മീനാക്ഷി നടരാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കില്ലെന്നും കുറഞ്ഞത് സുപ്രീംകോടതി ഒരു വിധി പ്രസ്താവിച്ചല്ലോയെന്നും അവര്‍ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോംപ്രമൈസ് ചെയ്തുവെന്നും ഇവര്‍ ആരോപിച്ചു.
അതേസമയം, മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ കടുത്ത എതിര്‍പ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎല്‍എമാരെ ഇന്ന് ദില്ലിയില്‍ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിനിടെ പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹര്‍ജി നിലനില്‍ക്കാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയായി സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നടപടികള്‍ തുടങ്ങി.
മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരമില്ലാതെ ജയിച്ചതായി ഒടുവില്‍ പ്രഖ്യാപനം. ബിജെപി നേതാക്കളായ തരുണ്‍ ചുഗ് ,രജനീഷ് അഗര്‍വാള്‍ മഹേഷ് കേവാട്ട് എന്നിവരാണ് ഏതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ നിയമസഭാകക്ഷി നിലയില്‍ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോണ്‍ഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജന്‍ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.




