ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഐപി ബിനുവിന് വൈദ്യസഹായം നല്‍കാന്‍ കോടതി നിര്‍ദേശം; ഏഴ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം നേതാവ് ഐ.പി. ബിനു ഉള്‍പ്പെടെ ഏഴ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും കൂടുതല്‍ പ്രതികളുടെ പങ്കിനെക്കുറിച്ചും വ്യക്തത വരുത്താന്‍ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യും.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസില്‍ ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. കേസിലെ പ്രധാന പ്രതിയും സിപിഎം നേതാവുമായ ഐ.പി. ബിനു ഉള്‍പ്പെടെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസിന് കൈമാറിയത്. പ്രതിയായ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബിനുവിന് രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍.

ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് വേണം ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചിയൂര്‍ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വര്‍ക്കല ഇളകമണ്‍ സ്വദേശി ലെനിന്‍ രാജ്, നെയ്യാറ്റിന്‍കര തെക്കുമ്പുറം കാവിന് സമീപം ജി ആര്‍ നന്ദു, നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി രാഹുല്‍ രാജന്‍, നെടുമങ്ങാട് തറട്ട സ്വദേശി രാഹുല്‍, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എക്‌സാലോജിക്-സിഎംആര്‍എല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി സംഘം പരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു വന്‍ സംഘര്‍ഷം അരങ്ങേറിയത്. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും കല്ലും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇ.ഡി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിന്റെ ആസൂത്രണത്തെക്കുറിച്ചും കൂടുതല്‍ പ്രതികളുടെ പങ്കിനെക്കുറിച്ചും വ്യക്തത വരുത്താന്‍ പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും

Scroll to Top