ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയം

ശബരിമലയിലെ ഭക്തജനത്തിരക്ക് നിയന്ത്രണ വിധേയം. സാധാരണഗതിയിലുള്ള തിരക്ക് മാത്രമാണ് സന്നിധാനത്തുള്ളത്. മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ ആറാം ദിവസമായി ഇന്നലെ 86,747 ത്തോളം ഭക്തരാണ് ദര്‍ശനം നടത്തിയത്. 8,623 പേര്‍ സ്‌പോട്ട് ബുക്കിംഗ് വഴി സന്നിധാനത്ത് എത്തി. 1004 പേര്‍ പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തി. രാവിലെ നടതുറക്കുന്ന ഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ ഭക്തജനതിരക്ക് ഉണ്ടാകുന്നത്. കാനന പാത വഴിയും ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്. സ്‌പോട്ട് ബുക്കിങ്ങില്‍ നിയന്ത്രണം കൊണ്ടുവന്നതോടെ ആണ് ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമായത്. തീര്‍ത്ഥാടകര്‍ സംതൃപ്തിയോടെ മലയിറങ്ങി. ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ന് പമ്പയില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും.

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തുടര്‍ അറസ്റ്റിലേക്ക് ഉടന്‍ കടക്കാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി ശങ്കരദാസും എന്‍.വിജയകുമാറും നിരീക്ഷണത്തിലാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി എ പത്മകുമാറിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെന്ന് സംശയം. എ പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക സാമ്പത്തിക രേഖകള്‍ പിടിച്ചെടുത്തു.

Scroll to Top