സൗജന്യ യാത്രയ്ക്ക് നിബന്ധനകള്‍ ഇല്ല’ , ഗതാഗത മന്ത്രി സി പി ജോണ്‍
KSRTC ഓര്‍ഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ ട്വന്റിഫോറിനോട് പറഞ്ഞു. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുന്നത്. ഇതോടെ വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ യാത്ര ഉറപ്പായി കഴിഞ്ഞു. കെഎസ്ആര്‍ടിസിയുടെ വലിയ വിജയമാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര. തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ കുടുംബ ബജറ്റില്‍ ഇത് വലിയ സ്വാധീനം ചെലുത്തും. തന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വളരെ വേഗത്തിലാക്കിയത്. പണം കിട്ടാനുള്ള കാര്യങ്ങള്‍ അടക്കം വേഗത്തിലാക്കി. 2 കോടി രൂപയാണ് ഒരു ദിവസം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ചെലവുള്ളത്.
ഓര്‍ഡിനറി ബസുകളില്‍ നിന്നാണ് പദ്ധതിയുടെ തുടക്കം. ആകെയുള്ള ബസുകളില്‍ 65 ശതമാനവും ഓര്‍ഡിനറി ബസുകളാണ്. ഓര്‍ഡിനറി ബസുകള്‍ കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം ചെറിയ ഒരു നമ്പര്‍ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി കോംപ്ലക്‌സില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വനിതകള്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആര്‍ടിസിയില്‍ പിഎസ്‌സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവര്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്വപ്നപദ്ധതിക്ക് ആണ് തുടക്കം കുറിക്കുന്നത്. വലിയ നഷ്ടം ഇല്ലാതെ ഓര്‍ഡിനറി ഓടിയാല്‍ വൈകാതെ മറ്റു സര്‍വിസ്‌കളിലും പ്രിയദര്‍ശിനി എത്തും.




