കര്‍ണാടകയിലെ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഗൃഹലക്ഷ്മി, ഗൃഹജ്യോതി പദ്ധതികളില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ പുനപരിശോധന നടത്തുന്നു. അനര്‍ഹരെ ഒഴിവാക്കി സാമ്പത്തിക ചോര്‍ച്ച തടയുകയാണ് ലക്ഷ്യമെന്ന് വിശദീകരണം. കൈപൊള്ളിയപ്പോള്‍ പിന്മാറിയെന്ന് ബിജെപി വിമര്‍ശനം
ബെംഗളൂരു: കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം എന്ന നിലയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയ ഗ്യാരണ്ടി പദ്ധതികളില്‍ പുനപരിശോധനയ്ക്ക് ഡി കെ ശിവകുമാര്‍ സര്‍ക്കാരിന്റെ തീരുമാനം. ഗൃഹനാഥകളായ വീട്ടമ്മമാര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കുന്ന ഗൃഹലക്ഷ്മി പദ്ധതിയിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന ഗൃഹജ്യോതി പദ്ധതിയിലുമാണ് പൊളിച്ചെഴുത്തിന് ഒരുങ്ങുന്നത്. പദ്ധതി നിര്‍ത്തലാക്കുകയല്ല, മറിച്ച്, അനര്‍ഹമായി ആനുകൂല്യം പറ്റുന്നവരെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അതേസമയം കൈപൊള്ളിക്കുന്ന സൗജന്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴില്‍ 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍, 62,345 കോടി രൂപയും ഈ വര്‍ഷം ഇതുവരെ 28,608 കോടി രൂപയും സര്‍ക്കാരിന് ചെലവായിട്ടുണ്ട്. ഗൃഹജ്യോതിക്ക് കീഴില്‍ പോയ വര്‍ഷം 28,000 കോടിയും 2026 ല്‍ ഇതുവരെ പതിനായിരം കോടിയിലേറെ രൂപയും ചെലവായി.
മാതൃകയാകുന്ന മാറ്റം വരുമെന്ന് ഡി കെ
രാജ്യത്തെ ഏറ്റവും വലിയ പണം കൈമാറ്റം ചെയ്യുന്ന പദ്ധതിയാണെന്നും രാജ്യത്ത് മറ്റൊരിടത്തും സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഇത്രയും പണം കൈമാറുന്നില്ല എന്നുമടക്കം രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ച പദ്ധതിയാണ് ഗൃഹലക്ഷ്മി. 2023 മുതല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം രണ്ടായിരം രൂപ നല്‍കുന്ന പദ്ധതിയില്‍ ഡി കെ ശിവകുമാര്‍ പൊളിച്ചെഴുത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഗ്യാരണ്ടി പദ്ധതികള്‍ ഒരു കാരണവശാലും നിര്‍ത്തില്ലെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന ചില മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നും പറഞ്ഞുകൊണ്ടാണ് ഡി കെ പൊളിച്ചെഴുത്ത് നടത്തുന്നത്. മരിച്ചവരുടെ ഉള്‍പ്പെടെ അക്കൗണ്ടുകളിലേക്ക് ഈ തുക എത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നീക്കമെന്നാണ് വിശദീകരണം. കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ 100 കോടി രൂപ അനര്‍ഹരായവര്‍ കൈപ്പറ്റിയെന്ന് പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഈ പണം തിരിച്ചുപിടിക്കാന്‍ നീക്കം തുടങ്ങിയതിനൊപ്പമാണ് ആനുകൂല്യത്തിന് അര്‍ഹരായ എല്ലാവരും ആധാര്‍ ഉപയോഗിച്ച് വീണ്ടും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. പുതിയ പട്ടിക തയ്യാറാക്കിയ ശേഷമേ ഇനി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യു എന്ന നിലപാടിലാണ് മുഖ്യമന്ത്രി. മാസം 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹജ്യോതിയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. പലരും ഒന്നിലേറെ മീറ്ററുകളിലൂടെ ആനുകൂല്യങ്ങള്‍ തരപ്പെടുത്തുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. സൗജന്യ വൈദ്യുതി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി. ഈ സാഹചര്യത്തില്‍ ഗൃഹജ്യോതിക്ക് അര്‍ഹരായവരെ വീണ്ടും ആധാര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യിക്കാനാണ് സര്‍ക്കാര്‍ നീക്കം. ചോര്‍ച്ച ഒഴിവാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ പുനഃപരിശോധനയ്ക്ക് തയ്യാറെടുക്കുന്‌പോള്‍ സൗജന്യങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. ലക്ഷക്കണക്കിന് മരിച്ചവരെ ഒഴിവാക്കുമെന്ന് പറയുമ്പോള്‍ ഈ മൂന്ന് വര്‍ഷം ആര്‍ക്കാണ് ഇവര്‍ പണം നല്‍കിയതെന്ന ചോദ്യത്തിന് ഉത്തരം പറയണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു.




