ആധാര്‍ കാര്‍ഡ് പൗരത്വ തെളിവാക്കരുത്, തിരിച്ചറിയല്‍ രേഖ മാത്രമാക്കണം’, പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ച് സുപ്രീം കോടതി

ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചു. ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖ മാത്രമായി പരിഗണിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം
ദില്ലി: ആധാര്‍ കാര്‍ഡ് ദുരുപയോഗം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീം കോടതി. ആധാര്‍ കാര്‍ഡുകള്‍ പൗരത്വം, താമസസ്ഥലം, ജനനത്തീയതി എന്നിവയുടെ തെളിവായി ഉപയോഗിക്കുന്നത് തടയണമെന്നും, ഇത് കേവലം ഒരു തിരിച്ചറിയല്‍ രേഖയായി (identity proof) മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തെരഞ്ഞെടുപ്പ് കമ്മീഷനും നിലപാട് വ്യക്തമാക്കാനാണ് സുപ്രീം കോടതിയ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ സ്‌കൂള്‍ പ്രവേശനം, വസ്തു വാങ്ങല്‍, റേഷന്‍ കാര്‍ഡ് എന്നിവയ്ക്കടക്കം ആധാര്‍ തെളിവായി പരക്കെ ഉപയോഗിക്കുന്നത് വഴി അനധികൃത കുടിയേറ്റക്കാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 9 പ്രകാരം ഇത് പൗരത്വത്തിന്റെയോ താമസസ്ഥലത്തിന്റെയോ തെളിവല്ലെന്ന യു ഐ ഡി എ ഐ (UIDAI) വിജ്ഞാപനം കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Scroll to Top