ജയിച്ച് തുടങ്ങി ചാമ്പ്യന്‍മാര്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം; മെസിക്ക് ഹാട്രിക്

ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയയെ തോല്‍പ്പിച്ചു. ലിയോണല്‍ മെസിക്ക് ഹാട്രിക്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പം മെസിയെത്തി.

7,60,76 മിനിറ്റുകളിലാണ് മെസിയുടെ ഗോളുകള്‍. 16 ഗോളുമായി ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളായി മെസി. മെസ്സിയുടെ അന്താരാഷ്ട്ര കരിയറിലെ 120 ആം ഗോള്‍. പ്രൊഫഷണല്‍ ഫുട്‌ബോളിലെ 61ആം ഹാട്രിക്കാണിത്. അര്‍ജന്റീന കുപ്പായത്തിലെ 11ാം ഹാട്രിക്കും. ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കൂടിയ താരം കൂടിയാണ് മെസി.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ലിയോണല്‍ മെസി പന്ത് അല്‍ജീരിയന്‍ വലയിലെത്തിച്ചെങ്കിലും വാര്‍ (VAR) പരിശോധനയില്‍ അത് ഓഫ്‌സൈഡ് ആവുകയായിരുന്നു. തൊട്ടുപിന്നാലെ ഒന്‍പതാം മിനിറ്റില്‍ അള്‍ജീരിയയുടെ ഫാരെസ് ചൈബി തിരിച്ചടിച്ചെങ്കില്‍ റഫറി വീണ്ടും ഓഫ്സൈഡ് വിധിയെഴുതുകയായിരുന്നു. ഇതോടെ കളി കൂടുതല്‍ ആവേശകരമായി.

മിശിഹായുടെ ആദ്യ ഗോളില്‍ തന്നെ കാന്‍സസ് സിറ്റി സ്റ്റേഡിയത്തെ ആവേശക്കടലിലാക്കി. 17ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോള്‍ നല്‍കിയ അസിസ്റ്റില്‍ നിന്നാണ് ആ ഗോള്‍ പിറന്നത്. അതിമനോഹരമായിരുന്നു 60ാം മിനിറ്റിലെ രണ്ടാം ഗോളും. അലക്സിസ് മാക് അലിസ്റ്റര്‍ ഉതിര്‍ത്ത ശക്തമായ ലോങ് റേഞ്ച് ഷോട്ട് കീപ്പര്‍ സിദാന്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് ഓടിയെത്തിയ മെസി അതിമനോഹരമായി വലയിലെത്തിച്ചു. പ്രതിരോധ നിരക്കാരെ കബളിപ്പിച്ചുകൊണ്ടായിരുന്നു മെസിയുടെ മൂന്നാം ഗോള്‍.

പിന്നാലെ മെസിയെ പിന്‍വലിച്ച് യുവതാരം നിക്കോ പാസിനെ സ്‌കലോണി കളത്തിലെത്തിച്ചു. സ്റ്റേഡിയത്തിലെ മുഴുവന്‍ ആരാധകരും എഴുന്നേറ്റുനിന്ന് കയ്യടിയാണ് മെസിയെ യാത്രയാക്കിയത്.

Scroll to Top