ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റ വിവാദം: തര്‍ക്കം തുടര്‍ന്ന് മന്ത്രിയുടെ ഓഫീസും ബോര്‍ഡും

ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ നിയമനത്തില്‍ മന്ത്രിയുടെ ഓഫീസും ബോര്‍ഡും തമ്മിലുളള തര്‍ക്കം തുടരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് 5 ദിവസത്തിനിടെ മൂന്നു സ്ഥലം മാറ്റം കിട്ടി.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരുടെ നിയമനത്തില്‍ മന്ത്രിയുടെ ഓഫീസും ബോര്‍ഡും തമ്മിലുളള തര്‍ക്കം തുടരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് 5 ദിവസത്തിനിടെ മൂന്നു സ്ഥലം മാറ്റം കിട്ടി. ദേവസ്വം മന്ത്രിയുടെ നിര്‍ദേശ പ്രകാരം പുതുക്കിയ ഉത്തരവിലും ദേവസ്വം ബോര്‍ഡ് ചട്ടം പാലിച്ചില്ലെന്ന് പരാതിപ്പെട്ട് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് വീണ്ടും ദേവസ്വം മന്ത്രിയെ സമീപിച്ചു.

മുന്‍ സര്‍ക്കാര്‍ നിയമിച്ച പ്രസിഡന്റ് കെ ജയകുമാറും രണ്ട് ഇടത് അംഗങ്ങളുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വെളളിയാഴ്ച ഇറക്കിയ ഉത്തരവിനെതിരെ മന്ത്രി ആഞ്ഞടിച്ചു. ബോര്‍ഡില്‍ സംഘടനകളുടെ ഹിത പരിശോധന നടക്കാനിരിക്കെ പ്രധാന കസേരകള്‍ ഉറപ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ് സംഘടനകള്‍ ആഞ്ഞു പിടിക്കുകയാണ്. ഇതിനായി ചട്ടം ലംഘിച്ച് സ്ഥലം മാറ്റമെന്നാണ് പരാതി. ദേവസ്വം മന്ത്രി നിര്‍ദേശിച്ചിട്ടും ബോര്‍ഡ് പുതുക്കി ഇറക്കിയതും ഇടതു പട്ടികയെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയ്‌സ് ഫ്രണ്ടിന്റെ പരാതി.

എതിര്‍പ്പിനെ തുടര്‍ന്ന് ശബരിമല സ്വര്‍ണകൊള്ളയില്‍ എസഐടി ചോദ്യം ചെയ്ത ആളെയും വൈക്കം ദേവസ്വത്തിലെ സാമ്പത്തിക ഇടപാടില്‍ ആരോണം നേരിട്ടയാളെയും പ്രധാന സ്ഥാനങ്ങളില്‍ നിന്ന് മാറ്റി. പക്ഷേ കോണ്‍ഗ്രസ് അനുകൂല സംഘടന ആശിച്ച പോലുള്ള മാറ്റങ്ങള്‍ ഉണ്ടായില്ല. വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ കോണ്‍ഗ്രസ് അനുകൂല സംഘടന എംപ്ലോയ്‌സ് ഫ്രണ്ടിന്റെ പ്രസിഡന്റ് പി ആര്‍ ശ്രീശങ്കറിന് ശബരിമല എഒയായി സ്ഥലം മാറ്റം. ഇന്നലെ ബോര്‍ഡ് ആസ്ഥാനത്തെ ജനറല്‍ അഡ്മിനിസ്‌ട്രേഷനിലേയ്ക്ക് മാറ്റി. മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീശങ്കറിന് വീണ്ടും സ്ഥലം മാറ്റം കിട്ടി. ഏറ്റുമാനൂര്‍ എ ഒയാക്കി. ബോര്‍ഡ് അറിയാതെയുള്ള ഉത്തരവെന്ന് ഇടത് സംഘടന ആരോപിച്ചതിന് പിന്നാലെയായിരുന്നു ഏറ്റുമാനൂരിലേക്കുള്ള മാറ്റം. മേജര്‍ ദേവസ്വങ്ങളിലും ദേവസ്വം ആസ്ഥാനത്തുമുളള നിയമനങ്ങളില്‍ കോഴയെന്ന ആരോപണവും കോണ്‍ഗ്രസ് അനുകൂല സംഘടന ഉയര്‍ത്തുന്നു. മലയാലപ്പുഴയും തിരുവല്ലയും ശ്രീകണ്‌ഠേശ്വരവും ഉള്‍പ്പെടെ പ്രധാന ദേവസ്വങ്ങളിലെ നിയമനങ്ങളിലാണ് കോഴ ആരോപണം.

Scroll to Top