ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും യോഗം അവസാനിച്ചു.വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു.വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.
ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം, സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ പ്രതിദിന പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കഴിഞ്ഞ ഒരാഴ്ചയായി പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ്.പകര്‍ച്ചപ്പനി ബാധിച്ച് ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടിയത് 13,196 പേര്‍ . മലപ്പുറത്താണ് പനി വ്യാപനം കൂടുതല്‍.പ്രതിദിന ഡെങ്കിപ്പനി ഷിഗെല്ല എലിപ്പനി മഞ്ഞപ്പിത്തം,മലേറിയ ബാധിതരുടെ എണ്ണവും ഉയര്‍ന്നു തന്നെ.
ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചത് എട്ടുപേര്‍ക്കാണ്. 52 പേര്‍ക്ക് ഡെങ്കിപ്പനി, 85 പേര്‍ക്ക് ചിക്കന്‍പോക്‌സ്, 11 പേര്‍ക്ക് എലിപ്പനി,മലേറിയ അഞ്ച് പേര്‍ക്കും ഇന്നലെ സ്ഥിരീകരിച്ചു.കോഴിക്കോട് വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഇന്ന് മലേറിയ സ്ഥിരീകരിച്ചു. 22 പേര്‍ക്ക് മഞ്ഞപ്പിത്തവും രണ്ടുപേര്‍ക്ക് ടൈഫോയിഡും ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.ഒരു മഞ്ഞപ്പിത്ത മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
പാലക്കാട് കരിമ്പുഴ സ്വദേശി ജിജോ മോഹന്‍ ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പാലക്കാട് ജില്ലയില്‍ അഞ്ച് പേരാണ് ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിനായ ജില്ലാ കളക്ടര്‍മാരുടെയും ഡിഎംഒമാരുടെയും ഓണ്‍ലൈന്‍ യോഗം ആരോഗ്യ മന്ത്രി കെ മുരളീധരന്‍ വിളിച്ചു ചേര്‍ത്തു. പകര്‍ച്ചവ്യാധിയെ പ്രതിരോധത്തിനായി തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാനാണ് തീരുമാനം. ഈ മാസം ഇതുവരെ 79 പേര്‍ക്ക് ഷിഗെല്ലയും 924 പേര്‍ക്ക് ഡെങ്കിപ്പനിയും, 41 പേര്‍ക്ക് മലേറിയയും, 1343 പേര്‍ക്ക് ചിക്കന്‍പോക്‌സും, 363 പേര്‍ക്ക് മഞ്ഞപ്പിത്തവും, 130 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.




