മദ്യപാനത്തിനിടെ തര്‍ക്കം; ബ്ലേഡ് ഉപയോഗിച്ച് 55-കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം

കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്ത് മുറിക്കുകയായിരുന്നു

തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 55-കാരനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കൂത്തുപറമ്പ് സ്വദേശി നാസറിനെ പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചയ്ക്ക് ഒന്നരയോടെ തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന്റെ ഒഴിഞ്ഞ ഭാഗത്തുവെച്ചായിരുന്നു സംഭവം. നാസറും ഷാഹിദും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പെട്ടെന്ന് തര്‍ക്കമുണ്ടാവുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഷാഹിദ് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് നാസറിന്റെ കഴുത്ത് മുറിക്കുകയായിരുന്നു.
രക്തം വാര്‍ന്ന് കിടന്ന നാസറിനെ കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് നാസറിനെ ആദ്യം തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതിയായ ഷാഹിദിനെ പോലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Scroll to Top