കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബോവിക്കാനം പ്രദേശത്ത് യുവാവിനെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് ബന്ധിച്ചുവെച്ച് അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശനവും മാതൃകാപരവുമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജനകീയ നീതി വേദി സംസ്ഥാന ആഭ്യന്തര മന്ത്രി, സംസ്ഥാന പോലീസ് മേധാവി, കാസര്‍കോട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പൊതുതാല്‍പര്യ നിവേദനം നല്‍കി.
സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളിലുമായി വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരു യുവാവിനെ പൊതുസ്ഥലത്ത് കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന രംഗങ്ങളാണ് കാണപ്പെടുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിപരമായ തര്‍ക്കങ്ങളോ സാമ്പത്തിക വിഷയങ്ങളോ ഉണ്ടായിരുന്നാലും, നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരു വ്യക്തിയെ നിയമം കൈയിലെടുത്ത് ബന്ധിച്ചുവെച്ച് മര്‍ദ്ദിക്കാനോ ശിക്ഷിക്കാനോ ആര്‍ക്കും അവകാശമില്ലെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, പ്രതികളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സ്വാധീനങ്ങള്‍ പരിഗണിക്കാതെ നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന തത്വം പ്രാവര്‍ത്തികമാക്കാന്‍ ഭരണകൂടവും പോലീസ് സംവിധാനവും തയ്യാറാകണമെന്നും നിവേദനം ആവശ്യപ്പെടുന്നു.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും ഉടന്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുക, ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കുക, ഇരയ്ക്ക് ആവശ്യമായ നിയമ-വൈദ്യ സഹായങ്ങളും സംരക്ഷണവും ഉറപ്പാക്കുക, ഭാവിയില്‍ ഇത്തരം ആള്‍ക്കൂട്ട ആക്രമണങ്ങളും ഗുണ്ടായിസവും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
നിയമവാഴ്ചയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ട കേരളത്തില്‍ ആള്‍ക്കൂട്ട നീതിയും പൊതുമര്‍ദ്ദനങ്ങളും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഈ സംഭവത്തില്‍ മാതൃകാപരമായ നടപടി സ്വീകരിച്ചാല്‍ മാത്രമേ സമൂഹത്തിന് ശരിയായ സന്ദേശം നല്‍കാന്‍ കഴിയുകയുള്ളുവെന്നും ജില്ലാ ജനകീയ നീതി വേദി പ്രസിഡണ്ട് സൈഫുദ്ദീന്‍ കെ. മാക്കോട് പ്രസ്താവനയില്‍ പറഞ്ഞു.
- വാര്‍ത്താക്കുറിപ്പ് –
ജില്ലാ ജനകീയ നീതി വേദി, കാസര്‍കോട്.




