പാകിസ്ഥാന് 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായി ബംഗാള്‍ ഉള്‍ക്കടലില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ അത്യാധുനിക ‘ഹംഗോര്‍ ക്ലാസ്’ അന്തര്‍വാഹിനി വിന്യസിക്കുന്ന ഈ നീക്കം ഇന്ത്യയുടെ തന്ത്രപ്രധാന സമുദ്രമേഖലയില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ ശേഷം ആദ്യമായി സൈനിക സാന്നിധ്യം ശക്തമാക്കാന്‍ പാകിസ്ഥാന്‍ നാവികസേന ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് അടുത്തിടെ വാങ്ങിയ അത്യാധുനിക ‘ഹംഗോര്‍ ക്ലാസ്’ അന്തര്‍വാഹിനി ഇതിനായി വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ തന്ത്രപ്രധാനമായ സമുദ്രമേഖല ലക്ഷ്യമിട്ടുള്ള പാകിസ്ഥാന്റെ ഈ നീക്കം പ്രതിരോധ വൃത്തങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ചൈനയില്‍ വച്ച് കമ്മീഷന്‍ ചെയ്ത ആദ്യ ഹംഗോര്‍ ക്ലാസ് അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ചയാണ് കറാച്ചി തുറമുഖത്ത് എത്തിയത്. ഈ അന്തര്‍വാഹിനിയുടെ വരവോടെ അറബിക്കടലിന് പുറത്തേക്ക്, യാതൊരു സ്വാധീനവുമില്ലാതിരുന്ന ബംഗാള്‍ ഉള്‍ക്കടലിലേക്ക് കൂടി തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് പാക് നാവികസേന പ്രതീക്ഷ.
ഇന്ത്യയുടെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് സ്ഥിതി ചെയ്യുന്ന വിശാഖപട്ടണവും തന്ത്രപ്രധാനമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളും ബംഗാള്‍ ഉള്‍ക്കടലിലാണ്. ഇന്ത്യയുടെ പ്രധാന വ്യാപാര-ഊര്‍ജ്ജ പാതകളും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഈ മേഖലയില്‍ നിലവില്‍ ഇന്ത്യന്‍ നാവികസേനയ്ക്കാണ് പൂര്‍ണ്ണ മേധാവിത്വമുള്ളത്. 1971-ലെ യുദ്ധകാലത്ത് ഇന്ത്യന്‍ നാവികസേനയുടെ ‘ഐഎന്‍എസ് കുക്രി’ എന്ന യുദ്ധക്കപ്പല്‍ തകര്‍ത്ത പാകിസ്ഥാന്റെ പഴയ അന്തര്‍വാഹിനിയുടെ പേരാണ് ‘പിഎന്‍എസ് ഹംഗോര്‍’. ആ യുദ്ധത്തില്‍ പാകിസ്ഥാന്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ബംഗ്ലാദേശ് രൂപീകരിക്കപ്പെടുകയും ചെയ്തതോടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള പാക് നാവികസേനയുടെ സാന്നിധ്യം പൂര്‍ണ്ണമായി ഇല്ലാതായിരുന്നു. ഈപശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ തങ്ങളുടെ പുതിയ പ്രൊജക്റ്റിന് ‘ഹംഗോര്‍’ എന്ന് വീണ്ടും പേരിട്ടിരിക്കുന്നത്. ചൈനയുടെ ടൈപ്പ് 039എ യുവാന്‍ ക്ലാസ് അന്തര്‍വാഹിനിയുടെ രൂപരേഖയിലാണ് ഹംഗോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആകെ എട്ട് ഹംഗോര്‍ ക്ലാസ് അന്തര്‍വാഹിനികളാണ് പാകിസ്ഥാന്‍ നാവികസേനയുടെ ഭാഗമാക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ നാലെണ്ണം ചൈന നേരിട്ട് നിര്‍മ്മിച്ചു നല്‍കും, ബാക്കി നാലെണ്ണം ചൈനീസ് സാങ്കേതികവിദ്യയോടെ പാകിസ്ഥാനിലെ കറാച്ചിയില്‍ നിര്‍മ്മിക്കും.
‘എയര്‍-ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍’ സാങ്കേതികവിദ്യയുള്ളതാണ് ഈ അന്തര്‍വാഹിനികള്‍. സാധാരണ ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനികളെപ്പോലെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനായി ഇവയ്ക്ക് അടിക്കടി സമുദ്രോപരിതലത്തിലേക്ക് വരേണ്ടതില്ല. ആഴ്ചകളോളം വെള്ളത്തിനടിയില്‍ കിടക്കാന്‍ ഇവയ്ക്ക് സാധിക്കും. ആണവായുധങ്ങള്‍ വഹിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ടെന്നാണ് സൂചന. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള സൈനിക-നയതന്ത്ര ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. 1971-ന് ശേഷം ആദ്യമായി കറാച്ചിയില്‍ നിന്നും ചിറ്റഗോംഗിലേക്ക് നേരിട്ടുള്ള സമുദ്രവ്യാപാരം കഴിഞ്ഞവര്‍ഷം പുനരാരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്ത സൈനികാഭ്യാസത്തിനും രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുന്നതിനും കരാറുകള്‍ ഒപ്പിടുന്നത് ചര്‍ച്ചയിലാണ്. ബംഗ്ലാദേശിന്റെ ഈ മാറ്റം പാകിസ്ഥാന് ബംഗാള്‍ ഉള്‍ക്കടലില്‍ കൂടുതല്‍ എളുപ്പത്തില്‍ സ്വാധീനമുറപ്പിക്കാന്‍ സഹായകരമായേക്കുമെന്നാണ് വിലയിരുത്തല്‍.




