പി. എന്‍. പണിക്കര്‍ സ്മാരക ‘അക്ഷര അവാര്‍ഡ്’ വി .ഇ ഉണ്ണിക്കൃഷ്ണന്

കാസര്‍കോട് : വായന വളര്‍ത്താന്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അധ്യാപകര്‍ക്ക് കാന്‍ഫെഡ് സോഷ്യല്‍ ഫോറം ഏര്‍പ്പെടുത്തിയ പ്രഥമ പി .എന്‍ പണിക്കര്‍ സ്മാരക അക്ഷര അവാര്‍ഡിന് വി. ഇ ഉണ്ണിക്കൃഷ്ണനെ തെരഞ്ഞെടുത്തു.
ബദിയടുക്ക നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളം അധ്യാപകനാണ് ഉണ്ണിക്കൃഷ്ണന്‍.

20 വര്‍ഷത്തി ലധികമായി കുട്ടികള്‍ക്കിടയില്‍ വായനാ ശീലം വളര്‍ത്തുന്നതിനായി നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകരുടെ കൂട്ടായ്മ നടത്തുന്ന ‘ഉറവ് ‘ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.

ഈ പദ്ധതിയിലൂടെ വേനലവധിക്ക് പോകുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നും അവര്‍ക്കിഷ്ടമുള്ളത്രയും ഉള്‍ക്കൊള്ളുന്ന പുസ്തക സഞ്ചി നല്‍കുന്നു. വായനയ്ക്ക് ശേഷം ജൂണ്‍ മാസം അവ തിരിച്ചേല്‍പ്പിക്കും. ഒപ്പം വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദന കുറിപ്പും സമര്‍പ്പിക്കുന്നു. മികച്ച ആസ്വാദനക്കുറിപ്പിന് സമ്മാനം നല്‍കിക്കൊണ്ടാണ് സ്‌കൂളിലെ വായനാവാരം ആരംഭിക്കുന്നത്. കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഈ പദ്ധതി ദീര്‍ഘകാലമായി ഇവിടെ നടന്നുവരുന്നുണ്ട്.

അവാര്‍ഡ് ജൂണ്‍ 26 നു വാരാചരണത്തിന്റെ സമാപന ദിനത്തില്‍ സ്‌കൂളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് കാന്‍ഫെഡ് ഭാരവാഹികള്‍ അറിയിച്ചു.
28 വര്‍ഷമായി ബദിയഡുക്ക നവജീവന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനാണ്.കണ്ണൂര്‍ ജില്ലയിലെ പുറച്ചേരിയാണ് സ്വദേശം. കാസര്‍കോട് കുമ്പളയിലാണ് താമസം. പരേതരായ വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരിയുടെയും ഗംഗ അന്തര്‍ജനത്തിന്റെയും മകനാണ്. കുമ്പള ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലാബ് അസിസ്റ്റന്‍ഡ് എ.പി.ജയശ്രീ യാണ് ഭാര്യ.മകള്‍: ശ്രീഗൗരി.

Scroll to Top