പി എം ശ്രീ പദ്ധതി; കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം സ്വീകരിച്ചിട്ടില്ല, ലഭിച്ചത് SSK ഫണ്ട്; മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം’: വി ശിവന്‍കുട്ടി

പി എം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും സ്വീകരിച്ചിട്ടില്ലെന്ന് മുന്‍ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം. കോടതിയെ സമീപിക്കും എന്ന നില വന്നപ്പോള്‍ ആണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്. പി എം ശ്രീയും ഈ ഫണ്ടുമായി യാതൊരു ബന്ധവും ഇല്ല. ലഭിച്ചത് SSK ഫണ്ടെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

ലഭിച്ച 99 കോടി രൂപയും പി എം ശ്രീയുമായി യാതൊരു ബന്ധവും ഇല്ല. പി എം ശ്രീയുടെ ഭാഗമായി ഒന്നും സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. എഗ്രിമെന്റില്‍ നിന്ന് പിന്മാറാന്‍ യാതൊരു തടസവും ഇല്ല. ഒരു നടപടി ക്രമവും ഇതുവരെ തുടങ്ങിയിട്ടില്ല. BJP യുമായി ഒത്തുചേര്‍ന്ന് പോകാന്‍ ആണെങ്കില്‍ സര്‍ക്കാരിന് ഇതുമായി മുന്നോട്ട് പോകാമെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.

വ്യാജപ്രചാരണത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.പിന്മാറാന്‍ യാതൊരു തടസവും ഇല്ല. പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്‌കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ ശിവന്‍കുട്ടി, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നുവെന്നും വിമര്‍ശിച്ചു.

പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭ ഉപസമിതി വരുന്നതില്‍ തെറ്റില്ലെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. പി എം ശ്രീ ഭാഗമാകില്ലെന്ന് കാട്ടി ആദ്യം കത്ത് നല്‍കിയിരുന്നു. പിന്നീട് മന്ത്രിസഭ കൂടി നടപടികള്‍ മരവിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ രേഖയായി നിലവിലുണ്ട്. മറിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ ശിവന്‍കുട്ടി, ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കി.

Scroll to Top