പ്രതീക്ഷിച്ച പാക്കേജുകള്‍ ഒന്നും ബജറ്റില്‍ ഇല്ലെന്ന് ബസ് ഉടമകള്‍

‘പ്രതിദിനം 6000 രൂപയുടെ വരെ നഷ്ടം, ബസുകള്‍ കട്ടപ്പുറത്താവുന്ന അവസ്ഥ’

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. നികുതി ഇളവ് കൊണ്ടുമാത്രം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും പ്രിയദര്‍ശിനി സര്‍വീസ് കാരണം കളക്ഷന്‍ പകുതിയായെന്നും അവര്‍ പറയുന്നു.
തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. പ്രൈവറ്റ് ബസുകള്‍ക്കുള്ള 50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പ്രതികരിച്ചു. 106.50 – 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവില്‍ നിന്ന് കുറയുന്നത്. സ്ത്രീ യാത്രക്കാര്‍ സ്വകാര്യ ബസ്സില്‍ വളരെ കുറവാണ്. പലരും ബസ് സര്‍വീസ് നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ജൂലൈ ഒന്നിന് ശേഷം ഓടാന്‍ കഴിയാത്ത അവസ്ഥ വരും. ഉദ്ദേശിച്ച പാക്കേജുകള്‍ ഒന്നും ബജറ്റില്‍ ഉണ്ടായില്ല. സ്വകാര്യ ബസിലും സ്ത്രീകള്‍ക്ക് യാത്ര സൗജന്യമാക്കണം. അതിന്റെ പണം സര്‍ക്കാരില്‍ നിന്ന് ലഭിക്കണം. അല്ലെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്ന റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് നിശ്ചലമാകും. പ്രിയദര്‍ശിനി സര്‍വീസ് കാരണം സ്വകാര്യ ബസുകള്‍ക്ക് 1000 മുതല്‍ 6000 രൂപയുടെ നഷ്ടം പ്രതിദിനം ഉണ്ടായിട്ടുണ്ടെന്ന് ടി ഗോപിനാഥന്‍ പറഞ്ഞു.

നികുതി ഇളവ് കൊണ്ടുമാത്രം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനാവില്ലെന്ന് ഓള്‍ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് പ്രതികരിച്ചു. ജൂണ്‍ 30 ഓടെ മിക്ക ബസുകളും കട്ടപ്പുറത്ത് കയറ്റി ഇടേണ്ട അവസ്ഥയാണ്. പ്രിയദര്‍ശിനി സര്‍വീസ് സ്വകാര്യ ബസ് മേഖലയെ തകര്‍ത്തു. കളക്ഷന്‍ പകുതിയില്‍ താഴെ മാത്രമാണ്. പൂര്‍ണമായി നികുതി ഒഴിവാക്കിയാലും രക്ഷപ്പെടാന്‍ ആവാത്ത സ്ഥിതിയാണെന്ന് കെ കെ തോമസ് പറഞ്ഞു.

Scroll to Top