ജീവന് ഭീഷണിയുണ്ടെന്ന് കുംഭമേള വൈറല്‍ താരം; സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം

ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്ക് ഹൈകോടതി നിര്‍ദേശം നല്‍കിയത്.

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയല്‍ കൊച്ചി സെന്‍ട്രല്‍ പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. കേരളത്തിലായതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. തനിക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പെണ്‍കുട്ടി കോടതിയില്‍ ഹാജരാക്കിയിരുന്നു.

താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്ന് പെണ്‍കുട്ടി അവകാശപ്പെടുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീ നൈനാര്‍ ദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്.

Scroll to Top