പ്രായം തോറ്റു, കാലം നിശ്ചലമായി; വിമര്‍ശകരുടെ വായടപ്പിച്ച് സിആര്‍ 7ന്റെ ‘ഡബിള്‍ സ്‌ട്രോങ്’ മറുപടി, 41-ാം വയസിലും ചരിത്രം കുറിച്ച് റൊണാള്‍ഡോ

വര്‍ഷങ്ങള്‍ കടന്നുപോയി, എതിരാളികള്‍ മാറി, വിമര്‍ശകര്‍ മാറി, കളിയും കളിത്തട്ടും മാറി-എന്നാല്‍ മാറ്റമില്ലാതെ ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം ഇന്നും ജ്വലിച്ചു നില്‍ക്കുന്നു.
ന്യൂയോര്‍ക്ക്: വിമര്‍ശകര്‍ക്ക് കളിക്കളത്തില്‍ തന്റെ ബൂട്ടുകള്‍ കൊണ്ട് മറുപടി നല്‍കുന്ന ശീലം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസം 2026 ലോകവേദിയിലും ആവര്‍ത്തിക്കുകയാണ്. പ്രായം വെറുമൊരു നമ്പര്‍ മാത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിമര്‍ശകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഹൂസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍ (ഡബിള്‍ സ്‌ട്രോങ്) അടിച്ചാണ് സിആര്‍ സെവന്‍ മറുപടി നല്‍കിയത്.

വര്‍ഷങ്ങള്‍ കടന്നുപോയി, എതിരാളികള്‍ മാറി, വിമര്‍ശകര്‍ മാറി, കളിയും കളിത്തട്ടും മാറി-എന്നാല്‍ മാറ്റമില്ലാതെ ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം ഇന്നും ജ്വലിച്ചു നില്‍ക്കുന്നു. അവസാനിച്ചുവെന്ന് വിമര്‍ശക ലോകം വിധി എഴുതിയപ്പോഴെല്ലാം അയാള്‍ കൂടുതല്‍ കരുത്തനായി, കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ, കൂടുതല്‍ അപകടകാരിയായി തിരിച്ചുവന്നു. ഗോള്‍ദാഹം ശമിക്കാത്ത സിആര്‍ സെവന് മുന്നില്‍ പ്രായം തോറ്റു, കാലം നിശ്ചലമായി, റെക്കോര്‍ഡുകള്‍ തലകുനിച്ചു. ലോകം ഒന്നടങ്കം അതിശയത്തോടെ ആ പോരാട്ടവീര്യം നോക്കിനിന്നു കൈയടിക്കുകയാണ്.

കളിയിലും കണക്കിലും റെക്കോര്‍ഡിലും കമ്പോട് കമ്പ് ഒപ്പമുള്ള ലയണല്‍ മെസ്സിക്കൊപ്പം 2006-ലായിരുന്നു റൊണാള്‍ഡോയുടെ ലോകകപ്പ് അരങ്ങേറ്റം. 2006, 2010, 2014: ഈ ലോകകപ്പുകളില്‍ ഓരോ ഗോളുകളുമായി മടക്കം. 2018ല്‍ ഹാട്രിക് ഉള്‍പ്പടെ നാല് ഗോളുകളുടെ തകര്‍പ്പന്‍ പ്രകടനം. 2022ല്‍ ഖത്തര്‍ ലോകകപ്പിലും ഒരു ഗോള്‍.

എന്നാല്‍ 2026 ലോകകപ്പില്‍ ഗ്രൂപ്പ് കെ പോരാട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ലക്ഷ്യം കണ്ടതോടെ ചരിത്രം വഴിമാറി. ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാറി. ഈ ഇരട്ട ഗോളുകളോടെ പോര്‍ച്ചുഗലിന്റെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി (ആകെ 10 ലോകകപ്പ് ഗോളുകള്‍).

1966-ലെ ഒരൊറ്റ ലോകകപ്പില്‍ ഒന്‍പത് ഗോളുകള്‍ നേടി ദശാബ്ദങ്ങളായി ഈ റെക്കോര്‍ഡ് കൈക്കലാക്കി വെച്ചിരുന്ന സാക്ഷാല്‍ യുസേബിയോയെയാണ് സിആര്‍ സെവന്‍ മറികടന്നത്. ഉസ്‌ബെക്കിസ്ഥാനെ 5-0 ന് തകര്‍ത്ത മത്സരത്തില്‍ പോര്‍ച്ചുഗലിനായി നൂനോ മെന്‍ഡിസ്, റാഫേല്‍ ലിയാവോ എന്നിവരും സ്‌കോര്‍ ചെയ്തു. പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ റൊണാള്‍ഡോയുടെ ആകെ ഗോളെണ്ണം ഇപ്പോള്‍ 145 ആയി ഉയര്‍ന്നു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ലയണല്‍ മെസിയേക്കാള്‍ 23 ഗോളുകള്‍ കൂടുതല്‍. ഇത് വെറുമൊരു താരത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല; വീഴ്ചകള്‍ പാഠമാക്കി, അസാധ്യങ്ങള്‍ സാധ്യമാക്കി, സ്വപ്നങ്ങളെ മാത്രം പിന്തുടര്‍ന്ന ഒരു യോദ്ധാവിന്റെ അവിശ്വസനീയമായ യാത്രയാണ്.

തന്റെ 41-ാം വയസ്സിലും താന്‍ ഇപ്പോഴും ഇവിടെയുണ്ടെന്ന് റൊണാള്‍ഡോ ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കുന്നത് ആ ഒരൊറ്റ കനകകിരീട സ്വപ്നത്തിനായി മാത്രമാണ്. വിശ്വവിജയിയായി കാലഘട്ടങ്ങളെയും തലമുറകളെയും മറികടന്ന് ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസങ്ങളില്‍ ഇതിഹാസമാവാന്‍ അയാള്‍ പ്രയാണം തുടരുകയാണ്.

Scroll to Top