തെങ്ങിന്റെ പേരില്‍ തമ്മില്‍ തര്‍ക്കം; ഒരുമിച്ച് ചായ കുടിച്ച് പ്രശ്‌നം പരിഹരിക്കാന്‍ അയല്‍വാസികളോട് ഹൈക്കോടതി

അയല്‍വാസിയുടെ പുരയിടത്തിലേക്ക് തേങ്ങയോ ഓലയോ വീഴാതിരിക്കാന്‍ തെങ്ങിന് മുകളിലായി ഇരുമ്പ് കൂട് നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഉടമ അറിയിച്ചു

തെങ്ങിനെച്ചൊല്ലി അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ തേടി പഞ്ചായത്ത് അധികൃതര്‍. കരകുളം പഞ്ചായത്തിലെ പുരവൂര്‍ക്കോണത്ത് ആണ് സംഭവം. തര്‍ക്കം പരിഹരിക്കാന്‍ ഇരുവിഭാഗവും ഒരുമിച്ച് ചായ കുടിച്ച് സംസാരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ഇടപെടല്‍.
അയല്‍വാസിയുടെ പറമ്പില്‍ നില്‍ക്കുന്ന തെങ്ങ് തനിക്കും കുടുംബത്തിനും ഭീഷണിയാണെന്നും നാശനഷ്ടമുണ്ടാക്കുന്നുവെന്നും കാണിച്ച് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന ബൈബിള്‍ വചനം ഇരുവര്‍ക്കും ഉപദേശമായി നല്‍കിയ ഹൈക്കോടതി അടിയന്തര സഹായത്തിന് അയല്‍വാസി മാത്രമേയുണ്ടാകൂ എന്ന് ഇരുവരും ഓര്‍ക്കണമെന്നും ഇത് മനസ്സില്‍ വച്ച് ഈ നിസ്സാരപ്രശ്‌നം ഒരുമിച്ച് ചായ കുടിച്ച് പരിഹരിക്കാനും പറഞ്ഞിരുന്നു . ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണന്‍ ആണ് കേസ് പരിഗണിച്ചത്. കോടതി നിര്‍ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതായി തെങ്ങിന്റെ ഉടമ വ്യക്തമാക്കിയെങ്കിലും ഹര്‍ജിക്കാരന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ തര്‍ക്കം മുന്‍പ് കരകുളം പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാന്‍, ആര്‍ഡിഒ, മുഖ്യമന്ത്രിയുടെ അദാലത്ത് എന്നിവടങ്ങളിലും എത്തിയിരുന്നതായി തെങ്ങിന്റെ ഉടമ പറഞ്ഞു.

Scroll to Top