പൊലീസ് സ്റ്റേഷനുകളിലെ വണ്ടിക്കൂമ്പാരങ്ങള്‍ നീക്കാന്‍ പദ്ധതി നടപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല

പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ ശുചിയാക്കുകയാണ് ലക്ഷ്യം

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ വളപ്പുകളിലും പരിസരങ്ങളിലും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായി സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്ന് അറിയിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്‌പേസ് (SPACE – Scrap Processing for Area Cleanup and Enhancement) എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ പൊലീസ് സ്റ്റേഷന്‍ പരിസരങ്ങള്‍ ശുചിയാക്കുകയാണ് ലക്ഷ്യം.

കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘സീറോ’ യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന ടാഗ്ലൈനോടെയുള്ള ഈ പദ്ധതിക്കായി സംസ്ഥാന പൊലീസ് മേധാവി ചെയര്‍മാനും കെ.പി.എച്ച്.സി.സി മാനേജിംഗ് ഡയറക്ടര്‍ അംഗവുമായുള്ള ഒരു പ്രത്യേക സമിതി രൂപീകരിക്കും.
കേരള പൊലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രമേശ് ചെന്നിത്തല പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്.

Scroll to Top