ഇറാന്റെ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക; സൈനിക കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ചാണ് അമേരിക്കയുടെ ആക്രമണം

വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി അമേരിക്ക. ഇറാനില്‍ ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയത്. ഇറാന്റെ മിസൈല്‍ ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. തീരദേശ റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചിട്ടുണ്ട്. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ചാണ് അമേരിക്കയുടെ ആക്രമണം. ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല.

സാമാധാന കരാര്‍ പ്രാബല്യത്തിലായതിന് പിന്നാലെ ഹോര്‍മൂസിലെ കപ്പല്‍ ഗതാഗതം ഉള്‍പ്പടെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് ഇരുരാജ്യങ്ങളും വീണ്ടും ആക്രമണവുമായി രംഗത്തെത്തിയത്. ഹോര്‍മൂസിലൂടെ കടന്നുപോയ കപ്പലുകള്‍ക്ക് നേരെയായിരുന്നു ആദ്യ ആക്രമണം. നാല് ഡ്രോണുകള്‍ കപ്പലുകള്‍ ലക്ഷ്യമാക്കി വന്നെന്നും ഇതില്‍ മൂന്നെണ്ണവും അമേരിക്കന്‍ സേന പ്രതിരോധിച്ചെന്നുമായിരുന്നു പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ് പറഞ്ഞത്. ഇറാന്റേത് വെടിനിര്‍ത്തല്‍ കരാറിന്റെ ബുദ്ധിശൂന്യമായ ലംഘനമാണെന്ന് ട്രംപ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കയുടെ അപ്രതീക്ഷിത നീക്കം. ഇറാനെതിരെ അമേരിക്ക തിരിച്ചടിക്കുമോ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്ക് കാണാം’ എന്നായിരുന്നു ആക്രമണത്തിന് തൊട്ടുമുമ്പ് ട്രംപ് നല്‍കിയ മറുപടി.

ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചത്. ചരക്ക് കപ്പലുകള്‍ക്ക് നേരെയുള്ള ഇറാന്റെ ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും പ്രസ്താവനയില്‍ സെന്റ്കോം അറിയിച്ചു. അമേരിക്കയെയും ഇസ്രയേലിനെയും വിമര്‍ശിച്ച് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും രംഗത്തെത്തി.

ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി; ബുദ്ധിശൂന്യമായ നടപടി: ട്രംപ്

ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി; ബുദ്ധിശൂന്യമായ നടപടി: ട്രംപ്
ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം സുരക്ഷിത പാതയിലൂടെ മാത്രമായിരിക്കണമെന്ന് നേരത്തെ ഇറാന്‍ പ്രതികരിച്ചിരുന്നു. ഹോര്‍മൂസില്‍ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദിത്തം കപ്പല്‍ ഉടമകള്‍ക്കും കമാന്‍ഡര്‍മാര്‍ക്കും മാത്രമായിരിക്കുമെന്നായിരുന്നു ഇറാന്‍ വൃത്തങ്ങളുടെ പ്രസ്താവന. ഒമാന്‍ പ്രഖ്യാപിച്ച പുതിയ കപ്പല്‍പാത അംഗീകരിക്കില്ലെന്നും ഇറാനുമായി കൂടിയാലോചിക്കാതെയുള്ള നടപടിയാണിതെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പറഞ്ഞിരുന്നു.

Scroll to Top