അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആവശ്യപ്പെട്ടു
തെഹ്റാന്‍: അമേരിക്ക-ഇറാന്‍ സാങ്കേതിക തല ചര്‍ച്ചയില്‍ അനിശ്ചിതത്വം തുടരുന്നു. ഇറാന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഇന്ന് ഖത്തറില്‍ യുഎസ് – ഇറാന്‍ ചര്‍ച്ച നടക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇറാന്‍. അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി. മരവിപ്പിച്ച സ്വത്തുക്കള്‍ മോചിപ്പിക്കുന്ന കാര്യങ്ങള്‍ക്കായി മാത്രമാണ് പ്രതിനിധി സംഘം ഖത്തര്‍ സന്ദര്‍ശിക്കുന്നതെന്നുമാണ് വിശദീകരണം. എന്നാല്‍ അമേരിക്ക തയ്യാറായാല്‍ ഇറാനും കരാര്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന് ഇറാന്‍ പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുമായി നേരിട്ട് ചര്‍ച്ചയില്ലെന്നാണ് ഇറാന്‍ അറിയിച്ചത്. ജൂണ്‍ 17ന് ഒപ്പുവെച്ച ധാരണാപത്രം നടപ്പിലാക്കുന്നതിനെ കുറിച്ചും മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കുന്നത് സംബന്ധിച്ചുമുള്ള തുടര്‍നടപടികള്‍ക്കായാണ് വിദഗ്ധ സംഘത്തെ ദോഹയിലേക്ക് അയക്കുന്നത്. പ്രതിനിധി സംഘം ഈ ആഴ്ച ദോഹ സന്ദര്‍ശിക്കും. നിലവില്‍ ധാരണാപത്രം നടപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആവശ്യപ്പെട്ടു. ഭീഷണികളോട് ഇറാന്‍ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും ആരംഭിച്ച സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണ ആയതായും, ദോഹയില്‍ ചര്‍ച്ച നടക്കുമെന്നുമായിരുന്നു ട്രംപ് അറിയിച്ചത്. ഇറാന്‍ ചര്‍ച്ച ആവശ്യപ്പെട്ടതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത് തള്ളി ഇറാന്‍ രംഗത്തെത്തിയത്.
‘മതനിന്ദാപരമായ’ ഉള്ളടക്കം സംപ്രേഷണം ചെയ്‌തെന്ന് ആരോപണം: പാകിസ്താനില്‍ ജിയോ ന്യൂസിന് 15 ദിവസം വിലക്ക്
ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ദിവസങ്ങള്‍ക്കകമായിരുന്നു, വ്യവസ്ഥകള്‍ പാടെ ലംഘിച്ച് ആക്രമണവും തിരിച്ചടികളുമായി ഇരുരാജ്യങ്ങളും രംഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിയുമായി അമേരിക്ക രംഗത്തെത്തിയത്. ഇറാനില്‍ ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയത്. ഇറാന്റെ മിസൈല്‍ ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. തീരദേശ റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചിരുന്നു. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ചാണ് അമേരിക്കയുടെ ആക്രമണം. ജൂണ്‍ 17ന് ഒപ്പുവെച്ച ധാരണാപത്രത്തില്‍ പ്രധാനമായും 14 വ്യവസ്ഥകളാണ് ഉണ്ടായിരുന്നത്. വെടിനിര്‍ത്തല്‍, ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സഞ്ചാരം, എണ്ണ കയറ്റുമതി, മരവിപ്പിച്ച സ്വത്തുക്കളുടെ മോചനം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.




