ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെര്‍ദെ, തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു.
പ്രായ (കേപ് വെര്‍ദെ): ലോകകപ്പിന്റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വന്‍ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്. ലിയോണല്‍ മെസി നായകനായ അര്‍ജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് (1-0) കേപ് വെര്‍ദെ പരാജയപ്പെടുത്തുമെന്നാണ് നെവെസ് അവകാശപ്പെടുന്നത്. ബിബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച പ്രവചനം നെവെസ് നടത്തിയത്.
ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെര്‍ദെ, തങ്ങളുടെ കന്നി ലോകകപ്പില്‍ തന്നെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. സ്‌പെയിന്‍, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് തോല്‍വി അറിയാതെയാണ് ഈ ആഫ്രിക്കന്‍ രാജ്യം പ്രീ-ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്.
വിജയസാധ്യത 100 ശതമാനം: ജോസ് മരിയ നെവെസ്
ഫുട്‌ബോളില്‍ പ്രവചനങ്ങള്‍ അസാധ്യമാണെങ്കിലും സ്വന്തം ടീമിന്റെ കളിമികവില്‍ പ്രസിഡന്റിന് പൂര്‍ണ്ണ വിശ്വാസമുണ്ട്.ഞങ്ങള്‍ മൈതാനത്തിറങ്ങുന്നത് ജയിക്കാന്‍ വേണ്ടി മാത്രമാണ്. ടീമിന് മേല്‍ പ്രതീക്ഷകള്‍ കുറവായിരിക്കുമ്പോള്‍, മികച്ച പോരാട്ടവീര്യം പുറത്തെടുത്താല്‍ വിജയം സാധ്യമാണ്. ആളുകളെ എപ്പോഴും അത്ഭുതപ്പെടുത്താന്‍ കേപ് വെര്‍ദെക്ക് പ്രത്യേക കഴിവുണ്ട്. ഇത്തവണ അര്‍ജന്റീനയ്‌ക്കെതിരെ ഞങ്ങള്‍ 100 ശതമാനവും ജയിക്കും. ഞങ്ങള്‍ ഇവിടെയെത്തിയത് ചാമ്പ്യന്മാരെ നേരിട്ട് സ്വന്തം വിധി മാറ്റിയെഴുതാനാണ്-ജോസ് മരിയ നെവെസ് പറഞ്ഞു.
തോറ്റാലും തലയുയര്‍ത്തി മടങ്ങാം
അര്‍ജന്റീനയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പോലും തന്റെ ടീമിന് അതൊരു തോല്‍വിയല്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഫലം എന്തായാലും, ഒരു ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സംതൃപ്തിയോടെ ഞങ്ങള്‍ തലയുയര്‍ത്തിത്തന്നെ ഈ ലോകകപ്പില്‍ നിന്ന് മടങ്ങുമെന്ന് നെവെസ് പറഞ്ഞു. ഞങ്ങള്‍ക്ക് അസാധ്യമായി ഒന്നുമില്ല എന്നായിരുന്നു കേപ് വെര്‍ദെ പരിശീലകന്‍ പെഡ്രോ ലെയ്റ്റാവോ ബ്രിട്ടോയുടെയും പ്രതികരണം.
ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അര്‍ജന്റീനയും ആഫ്രിക്കയില്‍ 13-ാം സ്ഥാനത്തുള്ള കേപ് വെര്‍ദെയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെങ്കിലും, മൈതാനത്ത് അത് പ്രതിഫലിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം (ശനിയാഴ്ച പുലര്‍ച്ചെ) 3.30ന് മിയാമിയിലാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ഈ ആവേശപ്പോരാട്ടം നടക്കുക.




