സംസ്ഥാനത്ത് പരക്കെ മഴ; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്, ഇടിമിന്നല്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍ ശക്തിപ്രാപിച്ചേക്കും.
കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. അതിനാല്‍തന്നെ കേരളത്തില്‍ അടുത്ത 5 ദിവസം നേരിയതോ ഇടത്തരമോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. നവംബര്‍ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിലാണ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്പെടാനാണ് സാധ്യത. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മീന്‍പിടുത്തത്തിന് വിലക്ക് തുടരുകയാണ്.

അതേസമയം തമിഴ്നാട്ടില്‍ ഇന്നും ശക്തമായ മഴയ്ക്കാണ് സാധ്യത. കോയമ്പത്തൂര്‍, തെങ്കാശി, അടക്കം 12 ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ശക്തമായ മഴയില്‍ തമിഴ്നാട്ടില്‍ വ്യാപക കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു.

Scroll to Top