ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരായ പരാതി; വീണ്ടും കോടതിയെ സമീപിച്ച് അന്‍സിബ ഹസന്‍

വീണ്ടും കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസന്‍. നടിമാരായ ലക്ഷ്മി പ്രിയ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതിയിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 9 ല്‍ ആണ് പരാതി സമര്‍പ്പിച്ചത്. പരാതിയില്‍ പൊലീസിനോട് കോടതി വിശദീകരണം തേടി.

യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തിയെന്നും അന്‍സിബ പരാതിയില്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങള്‍ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ അന്തസിനെയും മര്യാദയെയും തകര്‍ക്കുന്നതും പൊതുസമൂഹ മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് അന്‍സിബ പറഞ്ഞിരുന്നു.

ലക്ഷമി പ്രിയയും ശ്വേത മേനോനും തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു, തന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അപമാനിക്കാനും വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നു, സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവും അശ്ലീലം നിറഞ്ഞതുമായ വീഡിയൊ നിര്‍മ്മിച്ച് പ്രചരിപ്പിച്ചു എന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്വേത തിരുവനന്തപുരത്തെ പിആര്‍ ഏജന്‍സിയുമായി കരാറുണ്ടാക്കി എന്നും അന്‍സിബയുടെ പരാതിയില്‍ പറയുന്നു.

Scroll to Top