ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ കൊച്ചിയില്‍ നടന്ന യോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഗുണ്ടകളാണോ യോഗം ചേരുന്നതെന്ന് ചോദിച്ച അദ്ദേഹം, കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും പറഞ്ഞു.
ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന്‍ ദുരുപയോഗത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എറണാകുളത്തെ യോഗത്തിനെതിരെയാണ് ആഭ്യന്തര മന്ത്രിയുടെ വിമര്‍ശനം. ഗുണ്ടകള്‍ ചേര്‍ന്നാണോ തൂഫാന്‍ യോഗം കൂടുന്നതെന്ന് മന്ത്രി ചോദിച്ചു. പൊലീസ് അറിയാതെ ഒരു യോഗവും ആരും ചേരണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാമെന്നും അദ്ദേഹത്തെ പോലൊരാള്‍ അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു യോഗത്തിന് പോകുമെന്ന് കരുതുന്നില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അന്താരാഷ്ട്ര ലഹരി ലോബി കേരളത്തില്‍ പത്തി താഴ്ത്തിയെന്നും ലഹരി മാഫിയയ്‌ക്കെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ധൈര്യം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ ഗുണ്ടകളുടെ തൂഫാന്‍ യോഗം സ്വകാര്യപരിപാടി എന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് നേരത്തെ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ തൂഫാന് ഗുണ്ടകളുടെ സഹായം വേണ്ടെന്നും നിയമപരമായി മുന്നോട്ട് പോയി ലഹരി മാഫിയയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, ഓപ്പറേഷന്‍ തൂഫാന്റെ പേരില്‍ ക്രിമിനല്‍ കേസ് പ്രതികളെ ഉള്‍പ്പെടുത്തി കൊച്ചിയില്‍ യോഗം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംഘാടകര്‍ രംഗത്തെത്തി. കെ സുധാകരനെ ഞങ്ങള്‍ അങ്ങോട്ട് പോയി കണ്ടതാണെന്ന് യോഗത്തിന്റെ സംഘാടകന്‍ സുഹൈല്‍ ഷാജഹാന്‍ പറഞ്ഞു. കൊച്ചിയില്‍ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേര്‍ സുധാകരനെ കാണാന്‍ അനുവാദം ചോദിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് നൂറോളം പേരെത്തി. മുമ്പ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിര്‍ത്തരുതെന്നും സുഹൈല്‍ ഷാജഹാന്‍ പറയുന്നു. എകെജി സെന്റര്‍ ആക്രമണ കേസ് പ്രതിയാണ് സുഹൈല്‍ ഷാജഹാന്‍. കള്ളത്തോക്ക് കേസിലെ പ്രതികളടക്കമാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്.




