ആലപ്പുഴയിലെ ദേശീയപാതയില്‍ ഗര്‍ത്തം രൂപപ്പെട്ട സംഭവത്തില്‍ സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍. പൊതുമരാമത്ത് വകുപ്പിന്റെയും ജല അതോറിറ്റിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. മുന്‍പ് ഉണ്ടായ അപകടങ്ങള്‍ക്ക് പിന്നാലെ പ്രഖ്യാപിച്ച സുരക്ഷ ഓഡിറ്റുകള്‍ എങ്ങുമെത്താതെ കിടക്കുകയാണ്.
സുരക്ഷ മുന്നറിയിപ്പുകള്‍ പാലിക്കാതെയാണ് ദേശീയപാതയ്ക്ക് അടിയിലൂടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. ഇരുമ്പ് പൈപ്പുകള്‍ സ്ഥാപിക്കേണ്ടിടത്ത് ഫൈബര്‍ പൈപ്പുകള്‍ സ്ഥാപിച്ചു. പിന്നാലെ പൈപ്പ് പൊട്ടി ഗര്‍ത്തം രൂപപ്പെട്ടു. ഫൈബര്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന ജല അതോറിറ്റിയുടെ മുന്നറിയിപ്പ് കരാറുകാരന്‍ പാലിച്ചിരുന്നില്ല.
ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഓഡിറ്റിനുള്ള നിര്‍ദേശം. കേരളത്തില്‍ 387 ഇടങ്ങളില്‍ സുരക്ഷ ഓഡിറ്റ് നടത്താന്‍ ദേശീയ പാത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും മാസം ആറ് പിന്നിട്ടിട്ടും പൂര്‍ത്തിയായിട്ടില്ല. കൊല്ലം മൈലക്കാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്നതിന് പിന്നാലെയായിരുന്നു വ്യാപക സുരക്ഷ ഓഡിറ്റ് പ്രഖ്യാപിച്ചത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിനിടെ ഗര്‍ഡര്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തിലും സുരക്ഷ ഓഡിറ്റ് നടത്തിയിരുന്നു.




