കൊട്ടാരക്കര നീലേശ്വരത്തുണ്ടായ ടിപ്പര്‍ അപകടത്തിന് ഇടയാക്കിയത് വാഹനത്തിന്റെ അമിത വേഗവും ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകട സമയത്ത് ഡ്രൈവര്‍ മൊബൈലില്‍ സംസാരിക്കുകയായിരുന്നുവെന്ന് അന്തിമ റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍. ടിപ്പര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരുന്നത്.
റോഡിലെ ഇറക്കത്തില്‍ ടിപ്പര്‍ വന്നത് അമിതവേഗത്തിലായിരുന്നു. 56 Km/hr സ്പീഡിലാണ് ടിപ്പര്‍ ഇറക്കം ഇറങ്ങിയത്. സ്പീഡ് വിവരങ്ങള്‍ ജിപിഎസ് സംവിധാനത്തിലൂടെ മോട്ടോര്‍ വാഹന വകുപ്പ് ശേഖരിച്ചു.
ഡ്രൈവറുടെ ഫോണ്‍കോള്‍ വിവരങ്ങളും ശേഖരിച്ചു.
അതേസമയം, അപകടത്തെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം ദീര്‍ഘിപ്പിച്ചിരുന്നു. രാവിലെ 7 മുതല്‍ 10 വരെയും 3.30 മുതല്‍ 5 വരെയും നിരത്തില്‍ ഇറങ്ങാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം.അപകടകാരണമായ ടിപ്പര്‍ ലോറിക്ക് ഫിറ്റ്‌നസ് നല്‍കിയതുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി സബ് RTO യിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തിരുന്നു.
നീലേശ്വരം മുക്കോണിമുക്കിലുണ്ടായ അപകടത്തില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥി പാര്‍ഥിപന്‍, ഹരിലാല്‍, KSRTC ജീവനക്കാരനായ അജയകുമാര്‍ എന്നിവരാണ് മരിച്ചത്. വിദ്യാര്‍ഥികളായ കൗഷിക്, ഋഷബ്, ടിപ്പര്‍ ഡ്രൈവര്‍ നിസാം എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു.




