പിഎസ്സി യോഗത്തില്‍ അംഗങ്ങളുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ചെയര്‍മാന്‍ ഒറ്റപ്പെട്ടു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അട്ടിമറി ശ്രമം നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണിത്.
തിരുവനന്തപുരം: പിഎസ്സി യോഗത്തില്‍ അംഗങ്ങളുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ചെയര്‍മാന്‍ ഒറ്റപ്പെട്ടു. പിഎസ്സിയുടെ വിശ്വാസ്യത തകര്‍ക്കും വിധത്തില്‍ അന്വേഷണത്തില്‍ അട്ടിമറി ഉണ്ടായെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. പരീക്ഷാ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ശുപാര്‍ശയുണ്ടായിരുന്നെങ്കിലും, ആ റിപ്പോര്‍ട്ട് പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് അംഗങ്ങള്‍ സ്വീകരിച്ചത്. യോഗത്തിലുണ്ടായ കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് നിലവില്‍ പിഎസ്‌സി നിയമന തട്ടിപ്പ് ആഭ്യന്തര വിജിലന്‍സ് എസ് പി അന്വേഷിക്കുമെന്നും പരീക്ഷ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചത്.
അന്വേഷണ ചുമതല കണ്‍ട്രോളര്‍ക്ക് നല്‍കിയതില്‍ നേരത്തെ തന്നെ അംഗങ്ങള്‍ വലിയ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണം ആഭ്യന്തര വിജിലന്‍സ് എസ് പിക്ക് കൈമാറിയിരിക്കുന്നത്. പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണ്ണയം നടത്താതെ തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഒന്നാമതെത്തി നിയമനം ലഭിച്ചത് ഇടത് സംഘടനാ നേതാവിനാണ് എന്ന വിവരമാണ് സംഭവത്തെ വിവാദമാക്കിയത്. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന കമ്മീഷന്‍ യോഗം ഈ റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് അന്വേഷണത്തിന് ആഭ്യന്തര വിജിലന്‍സ് ഓഫീസറെ ചുമതലപ്പെടുത്തിയെന്നാണ് ആദ്യം വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അന്വേഷണ ചുമതല ചെയര്‍മാന്‍ പരീക്ഷാ കണ്‍ട്രോളറെ ഏല്‍പ്പിക്കുകയായിരുന്നു. ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍ എന്ന ചുമതല കൂടി കണ്‍ട്രോളര്‍ക്കുണ്ടെന്നായിരുന്നു ഇതിന് ചെയര്‍മാന്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഈ നടപടിക്കെതിരെ അംഗങ്ങള്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തുകയും അന്വേഷണ അട്ടിമറി ആരോപിക്കുകയും ചെയ്തതോടെയാണ് ഒടുവില്‍ കണ്‍ട്രോളറുടെ അന്വേഷണം മരവിപ്പിച്ച് ആഭ്യന്തര വിജിലന്‍സ് എസ് പിക്ക് തന്നെ ചുമതല കൈമാറാന്‍ ചെയര്‍മാന്‍ നിര്‍ബന്ധിതനായത്.




