ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും മാനസികാരോഗ്യത്തിന് ഹാനികരമെന്ന ഗവേഷണ റിപ്പോര്‍ട്ട് മുക്കി മെറ്റ; കേസ് കോടതിയില്‍

കാലിഫോര്‍ണിയ: ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാകുന്നതായി തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോര്‍ട്ട് ഇവയുടെ മാതൃ കമ്പനിയായ മെറ്റ മറച്ചുവെച്ചതായി ആരോപണം. പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഉപയോക്താക്കളില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുകയും എന്നാല്‍ പ്ലാറ്റ്ഫോമുകള്‍ അക്കാര്യം മറച്ചുവെക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചുള്ള ഒരു കേസിന്റെ ഭാഗമായാണ് ഈ വെളിപ്പെടുത്തല്‍. മെറ്റയ്ക്കും മറ്റ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കുമെതിരെ യുഎസ് സ്‌കൂള്‍ ഡിസ്ട്രിക്റ്റുകള്‍ ഫയല്‍ ചെയ്ത ക്ലാസ്-ആക്ഷന്‍ കേസിലെ ഫയലിംഗുകളില്‍ നിന്നാണ് ഈ വിവരം പുറത്തുവന്നത്.

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഡിആക്റ്റിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാകുന്ന മാറ്റം വിലയിരുത്തുന്നതിനായി സര്‍വേ സ്ഥാപനമായ നീല്‍സണുമായി ചേര്‍ന്ന് 2020-ല്‍ പ്രോജക്ട് മെര്‍ക്കുറി (Project Mercury) എന്ന കോഡ് നാമത്തില്‍ മെറ്റ ഗവേഷണം നടത്തുകയായിരുന്നു. എന്നാല്‍ ഗവേഷണ ഫലം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ മെറ്റ ഈ പഠനം അവസാനിപ്പിക്കുകയായിരുന്നു.

കണ്ടെത്തലുകളും മെറ്റയുടെ പ്രതികരണവും
ഒരു ആഴ്ചത്തേക്ക് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തിയ ഉപയോക്താക്കളില്‍ വിഷാദം, ഉത്കണ്ഠ, ഏകാന്തത തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറഞ്ഞതായി മെറ്റയുടെ ആന്തരിക രേഖകള്‍ വെളിപ്പെടുത്തി. പക്ഷേ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിക്കുന്നതിനോ കൂടുതല്‍ ഗവേഷണം നടത്തുന്നതിനോ പകരം മെറ്റ പഠനം തന്നെ നിര്‍ത്തിവച്ചു. അതേസമയം, ചില ജീവനക്കാര്‍ സ്വകാര്യമായി മെറ്റയുടെ ആഗോള പൊതുനയ മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് പ്രോജക്റ്റ് മെര്‍ക്കുറിയില്‍ നിന്നുള്ള നിഗമനങ്ങള്‍ സാധുവാണെന്ന് വ്യക്തമാക്കി. നെഗറ്റീവ് കണ്ടെത്തലുകള്‍ വെളിപ്പെടുത്താതിരിക്കുന്നത്, പുകയില വ്യവസായത്തില്‍ ഗവേഷണം നടത്തുകയും സിഗരറ്റുകള്‍ ദോഷകരമാണെന്ന് അറിയുകയും എന്നാല്‍ ആ വിവരങ്ങള്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നതിന് തുല്യമാകുമെന്ന് മറ്റൊരു ജീവനക്കാരന്‍ ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, മെറ്റ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇത്തരം നിരവധി ആരോപണങ്ങള്‍ നേരിടുന്നുണ്ട്. 13 വയസിന് താഴെയുള്ള കുട്ടികളെ അവരുടെ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുക, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം തടയുന്നതില്‍ പരാജയപ്പെടുക, സ്‌കൂള്‍ സമയങ്ങളില്‍ കൗമാരക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക തുടങ്ങിയവയാണ് മെറ്റയ്ക്കും അതിന്റെ എതിരാളികള്‍ക്കുമെതിരായ മറ്റ് ആരോപണങ്ങള്‍. ഈ പ്ലാറ്റ്ഫോമുകള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ സുരക്ഷയ്ക്കുള്ള പൊതു അംഗീകാരത്തിനായി കുട്ടികളെ കേന്ദ്രീകരിച്ചുള്ള സംഘടനകള്‍ക്ക് പണം നല്‍കാന്‍ ശ്രമിച്ചതായും പരാതികള്‍ ഉയരുന്നുണ്ട്.

Scroll to Top