മണ്ണിടിച്ചില്‍ പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയ ഏട്ട് പേര്‍ മേപ്പാടി വിംസ് ആശുപത്രിയില്‍ ചികിത്സയില്‍

വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപം വന്‍ മണ്ണിടിച്ചില്‍. വയനാട് തുരങ്കപാത പദ്ധതിക്ക് സമീപമാണ് സംഭവം.

കനത്തമഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. റോഡ് പണിക്കായി നിരവധി തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു. മേപ്പാടിക്ക് സമീപത്തെ മീനാക്ഷിപ്പാലത്തിലാണ് ദുരന്തം. മണ്ണിടിച്ചിലില്‍ വാഹനങ്ങളും കുടുങ്ങിയാതായി സംശയമുണ്ട്.

നിര്‍മാണാവശ്യത്തിനെത്തിച്ച വാഹനങ്ങളാണ് കുടുങ്ങിയത്. രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴയാണ്. മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ കുത്തൊഴുക്കുള്ളതായും റിപ്പോര്‍ട്ട്.

ആളുകളെ പുറത്തെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. NDRF സ്ഥലത്തേക്ക് തിരിച്ചു. ആവശ്യമായ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു. വീടുകളിലേക്ക് മണ്ണ് എത്തിയില്ല. അടുത്തുള്ള ഹോട്ടലിലേക്ക് മണ്ണ് പതിച്ചു. ഒരു ബസ് മണ്ണ് കൊണ്ട് മൂടി. ചില തൊഴിലാളികള്‍ ബസിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. എത്രപേര്‍ കുടുങ്ങിയെന്നതില്‍ വ്യക്തതയില്ല. പരുക്കേറ്റയാളെ എസ്റ്റേറ്റ് ആശുപത്രിയില്‍ എത്തിച്ചു. വീടുകളില്‍ ഉണ്ടായിരുന്നവരെ സ്ഥലത്തു നിന്നും മാറ്റി.

നിര്‍മാണത്തിനായി കൂട്ടിയിട്ട മണ്ണും ഒലിച്ചെത്തിയത് അപകടത്തിന്റെ ആക്കം കൂട്ടി. പാലത്തിന്റെ തുടക്കത്തിലാണ് മണ്ണിടിച്ചില്‍. അത് നീക്കിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ. അതിനായി കൂറ്റന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ആവശ്യമായി വരുമെന്ന് നാട്ടുകാര്‍.

Scroll to Top