ബാലസഭ ആര്‍പിമാര്‍ക്ക് കാര്യശേഷി വികസന പരിശീലനം നല്‍കി

ചീമേനി: കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബാലസഭ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കായി കാര്യശേഷി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒരുക്കം 2.0 എന്ന പേരില്‍ ചീമേനി ട്രീഹുഡ് ട്രെയിനിങ് സെന്ററില്‍ നടന്ന ദ്വിദിന ക്യാമ്പ് കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.വി. ജാനകി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എം.വി. ജയന്‍ അധ്യക്ഷത വഹിച്ചു.

കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് അംഗം ടി.പി. ധനേഷ്, കയ്യൂര്‍ ചീമേനി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭന കെ., പടന്ന സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം. രതി ,നീലേശ്വരം കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കാവ്യ കെ.ആര്‍., എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കിഷോര്‍ കുമാര്‍ കെ.എം. സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ പി. രത്‌നേഷ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. ബാലസഭയുടെ സംഘടനാ ഘടന, പ്രവര്‍ത്തന രീതി, ഭരണ-അംഗത്വ സംവിധാനങ്ങള്‍, രേഖകള്‍, സാമൂഹ്യ ചുമതലകള്‍ എന്നിവയെക്കുറിച്ച് ബാലസഭ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ വിനോദ് കണ്ണാടിപ്പറമ്പും, ‘പൗരബോധം കുട്ടികളില്‍’ എന്ന വിഷയത്തില്‍ വിജയകുമാര്‍ പനയാല്‍ എന്നിവരും ക്ലാസെടുത്തു.

ശാസ്ത്രീയ രീതിയിലുള്ള കാര്‍ബണ്‍ ന്യൂട്രലിറ്റി പരിസര പഠനം, കാലാവസ്ഥാ വ്യതിയാനം, ഗാര്‍ഹിക കാര്‍ബണ്‍ ബഹിര്‍ഗമന കണക്കെടുപ്പ്, സീറോ കാര്‍ബണ്‍ സാങ്കേതികവിദ്യകള്‍ എന്നിവയെക്കുറിച്ച് എം.കെ. വിജയകുമാര്‍ ക്ലാസ് നയിച്ചു. റംഷി പട്ടുവത്തിന്റെ നേതൃത്വത്തില്‍ നാട്ടറിവ് പാട്ടുകളും നാടന്‍ പാട്ടരങ്ങും നടന്നു. കുട്ടികളുടെ സാമ്പത്തിക ശീലങ്ങള്‍, മിതവ്യയം, സാമ്പത്തിക സാക്ഷരത എന്നിവയെക്കുറിച്ച് ഗ്രൂപ്പ് വര്‍ക്കുകളും അവതരണവും സംഘടിപ്പിച്ചു.

വീഡിയോഗ്രാഫിക് പ്രൊഫഷണല്‍ സനോജ് എ.കെ. റീല്‍ മേക്കിങ് ആപ്ലിക്കേഷനുകളില്‍ പരിശീലനം നല്‍കി. ഭക്ഷ്യസുരക്ഷ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് ഡയറ്റീഷ്യന്‍ ഡോ. അഞ്ജലി മോഹന്‍ സംസാരിച്ചു. അവാര്‍ഡ് വിതരണവും ഭാവി പ്രവര്‍ത്തന രൂപരേഖ അവതരണവും വിജയകുമാര്‍ പനയാല്‍ നിര്‍വഹിച്ചു.

Scroll to Top