പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍; ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദില്‍ നടക്കാനിരിക്കെയാണ് അമേരിക്ക ഇറാനില്‍ വ്യാപക ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്
ഇറാന്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെ ഇറാനെതിരെ കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ബുഷെഹര്‍, ചാബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കുകിഴക്കന്‍ നഗരമായ കോണറാക്കിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രദേശമായ സിറികില്‍ അമേരിക്ക കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

പ്രധാന തുറമുഖ നഗരമായ ചാബഹാറില്‍ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ചില സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് അമേരിക്ക ശക്തമായ ബോംബാക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. തെക്കുപടിഞ്ഞാറന്‍ നഗരമായ ബുഷെഹറിലും നിരവധി വ്യോമാക്രമണങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇറാനിലെ പ്രധാന ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന നഗരമാണിത്. എന്നാല്‍ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വടക്കുകിഴക്കന്‍ ഇറാനിലെ ഗൊലെസ്താന്‍ പ്രവിശ്യയിലെ അഖ്കല നഗരത്തിന് സമീപമുള്ള അഖ് ടെകെ ഖാന്‍ റെയില്‍വേ പാലത്തിന് നേരെയും അമേരിക്ക ആക്രമണം നടത്തി. പാലത്തിന് നേരെ ഏഴോളം മിസൈലുകള്‍ പ്രയോ?ഗിച്ചതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആര്‍ഐബി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ രണ്ട് മിസൈലുകള്‍ റെയില്‍പാളത്തില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.

‘ചര്‍ച്ചകള്‍ സമയം പാഴാക്കല്‍, കരാര്‍ അവസാനിച്ചു’; ഇറാനുമായുള്ള സമാധാന നീക്കങ്ങളില്‍ നിന്ന് പിന്മാറി ഡോണള്‍ഡ് ട്രംപ്
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച കപ്പലുകള്‍ക്കെതിരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് പുതിയ വ്യോമാക്രമണങ്ങളെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ‘ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതം കൂടുതല്‍ ഗുരുതരമായിരിക്കും’ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 16-ന് ഇറാനുമായി ഒപ്പുവെച്ച ധാരണാപത്രം ഇനി പ്രാബല്യത്തിലില്ലെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ വൈദ്യുതി നിലയങ്ങളും കടല്‍ജല ശുദ്ധീകരണ പ്ലാന്റുകളും ലക്ഷ്യമിടാന്‍ അമേരിക്ക മടിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഏത് നീക്കത്തിനും അമേരിക്ക സൈനികമായി മറുപടി നല്‍കുമെന്ന് അമേരിക്കന്‍ അധികൃതര്‍ ആവര്‍ത്തിച്ചു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ തീരദേശ റഡാര്‍ സംവിധാനങ്ങള്‍, കപ്പല്‍വിരുദ്ധ മിസൈല്‍ സംവിധാനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണ് പുതിയ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര സമുദ്രഗതാഗതം തടസ്സമില്ലാതെ തുടരുക എന്നതാണ് ഈ സൈനിക നടപടികളുടെ പ്രധാന ലക്ഷ്യമെന്നാണ് അമേരിക്കയുടെ വിശദീകരണം.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ?ഗ്ചിയും രം?ഗത്ത് വന്നിട്ടുണ്ട്. ‘അസഭ്യമായ ഭാഷയ്ക്ക് ഇറാന്‍ അസഭ്യമായി പ്രതികരിക്കില്ല, മറിച്ച് പ്രവൃത്തിയിലൂടെ മറുപടി നല്‍കും’ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദില്‍ നടക്കാനിരിക്കെയാണ് അമേരിക്ക ഇറാനില്‍ വ്യാപക ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്. ഇറാഖിലെ നജഫ്, കര്‍ബല നഗരങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ ഖമനേയിയുടെ ശവമഞ്ചവുമായുള്ള വിലാപ യാത്രയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

Scroll to Top