വയനാട് കള്ളാടി ദുരന്തത്തില്‍, മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍.മൂന്നംഗ വിദഗ്ധ സമിതിയെയാണ് നിയോഗിച്ചത്.എന്‍ഐടി പ്രൊഫ. ഡോ സന്തോഷ് ജി തമ്പിയും ഡോ ജ്യൂഡ് ഇമ്മാനുവലും CESS ഡയറക്ടറുടെ പ്രതിനിധിയുടെയും നേതൃത്വത്തിലാണ് സമിതി. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന്റെ സുരക്ഷ സമിതി ഉറപ്പു വരുത്തും. സുരക്ഷിതമായി മണ്ണ് നീക്കുന്നത് സംബന്ധിച്ച മേല്‍നോട്ടം സമിതി വഹിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് സമിതിയെ നിയോഗിക്കാന്‍ ധാരണയായത്. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
അതേസമയം, മണ്ണിടിച്ചിലില്‍ കാണാതായ വിക്രം റാണയ്ക്കായുള്ള തിരച്ചില്‍ നാളെയും തുടരും. രണ്ടാമത്തെ സോണില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മുഴുവന്‍ അവിടെ നിന്ന് മാറ്റാനുള്ള നടപടികള്‍ നാളെ ഉണ്ടാവും.രണ്ടാമത്തെ സോണ്‍ കേന്ദ്രീകരിച്ചാണ് നാളത്തെ തിരച്ചില്‍ നടക്കുക. ഈ സോണില്‍ നിന്ന് റാണയെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 7 ആയി. തിരച്ചിലിന്റെ നാലാം ദിനത്തില്‍ കാണാതായ രാകേഷിന്റെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. പശ്ചിമബംഗാള്‍ സ്വദേശിയാണ് സര്‍വ്വയറായ രാകേഷ് ഗുച്ചാദ്.




