ഉപ്പള.അഡ്വ:സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം എംഎല്‍എ ആയിരിക്കേ അന്നത്തെ ഒന്നാം ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഷിറിയ പുലിമുട്ട് തീരദേശ സംരക്ഷണ പദ്ധതി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ജീവന്‍ വെച്ചില്ല.ഭരണം മാറിയപ്പോള്‍ പദ്ധതിയും മാറി എന്ന അവസ്ഥയിലായി.മുന്‍ സര്‍ക്കാറാകട്ടെ പദ്ധതിക്ക് ഫണ്ടും നീക്കി വെച്ചിരുന്നില്ല.
തുറമുഖങ്ങളേയും, തീരദേശങ്ങളെയും ശക്തമായ തിരമാലകളില്‍ നിന്നും, കടലേറ്റത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയില്‍ വലിയ പാറക്കെട്ടുകളോട്കൂടിയോ,കോണ്‍ക്രീറ്റ് കട്ടകളോ അടങ്ങിയ പ്രതിരോധ ചിറകളെയാണ് പുലിമുട്ടായി അറിയപ്പെടുന്നത്. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന പുലിമുട്ടിന് കടലില്‍ നിന്നുള്ള ശക്തമായ തിരമാലകളുടെ ആഘാതം കുറയ്ക്കാനും, തീരത്തെ മണ്ണൊലിപ്പ് തടയാനും സാധിക്കുന്നു.
മഞ്ചേശ്വരം തുറമുഖങ്ങളിലേക്കും, അഴിമുഖങ്ങളിലേക്കും പ്രവേശിക്കുന്ന വലിയ കപ്പലുകള്‍ക്കും, മത്സ്യബന്ധന ബോട്ടുകള്‍ക്കും സുരക്ഷിതമായി കടന്നു വരാന്‍ പുലിമുട്ട് വഴി ശക്തമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പറയുന്നു. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ ഇറങ്ങുന്നതിനും,വല വീശുന്നതിനും മത്സ്യബന്ധനം നടത്തുന്നതിനും പുലിമുട്ട് വളരെയേറെ സഹായകമാവുകയും ചെയ്യും.
കാലവര്‍ഷത്തില്‍ രൂക്ഷമായ കടലാക്രമണം നേരിടുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ തീര പ്രദേശം കൂടിയാണ് ഷിറിയ കടപ്പുറം.ഇവിടെ രൂക്ഷമായ കടലാക്രമണമാണ് കാലവര്‍ഷകാലത്ത് നേരിടുന്നത്. കടലേറ്റത്തില്‍ വീടിനും, സ്ഥലങ്ങള്‍ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.ഇതിന് പരിഹാരമെന്നോണമാ ണ് ഷിറിയ പുലിമുട്ട് പദ്ധതിയെ തീരദേശവാസികള്‍ പ്രതീക്ഷയര്‍പ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ പദ്ധതിയെപ്പറ്റി മിണ്ടാട്ടമില്ല.വിഷയം മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്‌റഫിലൂടെ ഫിഷറീസ് വകുപ്പിനെ അറിയിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.




