തികഞ്ഞ അനാസ്ഥ; സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണം, രണ്ട് സമിതികളും ഇതുവരെ വയനാട് സന്ദര്‍ശിച്ചില്ല, റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുമാസം മാത്രം

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ട് വിദഗ്ധ സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും, അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന വൈകുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇരട്ട അന്വേഷണമാണ്. ഇതിനുള്ള രണ്ട് സമിതികളും ഇതുവരെ സ്ഥലം സന്ദര്‍ശിച്ചിട്ടില്ല. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് മൂന്നംഗ സംഘത്തെ ആയിരുന്നു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. ഇന്നലെ സംഘം എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ നിയോഗിച്ചത് അഞ്ചംഗ സംഘത്തെയാണ്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം.

അതേസമയം, വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നിര്‍മ്മാണ കമ്പനി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചിരുന്നു. ദുരന്തത്തില്‍ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതവും കരാര്‍ തൊഴിലാളിയായ അല്‍മോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നല്‍കും. അപകടത്തില്‍ പരിക്കേറ്റ 9 പേരില്‍ 6 പേര്‍ക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും.

നിലവില്‍ തീവ്രപരിചരണത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റു മൂന്ന് പേര്‍ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ തുക നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് എത്രയും വേഗം നീക്കം ചെയ്യാന്‍ ദിലീപ് ബില്‍ഡ് കോണ്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകള്‍ അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കുള്ള വാഹന ഗതാഗതം നിലവില്‍ മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. ഈ പാലത്തിന്റെ ബലക്ഷയം കൃത്യമായി പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Scroll to Top