ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. എട്ട് ഗോളുകള്‍ വീതം നേടിയ മെസ്സിയും എംബാപ്പെയും മുന്‍നിരയിലുണ്ട്. ഇംഗ്ലണ്ടിന്റെ ബെല്ലിങ്ഹാം, കെയ്ന്‍, സ്‌പെയിനിന്റെ റോഡ്രി, ഫ്രാന്‍സിന്റെ ഒലിസെ എന്നിവരും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു.
ന്യൂയോര്‍ക്ക്: ലോകകിരീടത്തിനായി ടീമുകള്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍, അണിയറയില്‍ മറ്റൊരു പോരാട്ടം കൂടി സജീവമാണ്. വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരം. ലോകകപ്പിലെ ഏറ്റവും മികച്ച, താരത്തിന് നല്‍കുന്ന ‘ഗോള്‍ഡന്‍ ബോള്‍’ ആരുടെ കൈകളിലെത്തുമെന്നത് ഇക്കുറി പ്രവചനാതീതമാണ്. ഗോള്‍ഡന്‍ ബോളിനായി സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാണ്. ഗോള്‍ഡന്‍ ബോള്‍ നേടാന്‍ സാധ്യതയുള്ള നിരവധി കളിക്കാര്‍ ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. സെമിഫൈനല്‍ പോരാട്ടങ്ങളുടെ ഫലവും കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളും ഈ റാങ്കിങ്ങില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയേക്കാം.
ആറ് മത്സരങ്ങളില്‍ നിന്ന് 8 ഗോളുകളുമായി മെസ്സി കുതിക്കുകയാണ്. ഇത്തവണയും ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാന്‍ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന താരം കൂടിയാണ് മെസി. അര്‍ജന്റീന ഫൈനലില്‍ എത്തുകയോ വിജയിക്കുകയോ ചെയ്താല്‍ ഗോള്‍ഡന്‍ ബോള്‍ എന്തായാലും മെസി തന്നെ നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മെസ്സി മാറി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ മാക് അലിസ്റ്റര്‍ക്ക് നല്‍കിയ അസിസ്റ്റോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റെക്കോര്‍ഡും മെസ്സി സ്വന്തമാക്കി.
മെസ്സിയുടെ അവിശ്വസനീയ പ്രകടനത്തിനൊപ്പം നില്‍ക്കാന്‍ ഒരാള്‍ക്കേ സാധിക്കൂ-അത് കിലിയന്‍ എംബപെയാണ്. ഫിഫയുടെ ഓവറോള്‍ പവര്‍ റാങ്കിങ്ങില്‍ ഒന്നാമതുള്ള എംബപെ മെസ്സിക്കൊപ്പം 8 ഗോളുകളുമായി ടോപ്പ് സ്‌കോറര്‍ സ്ഥാനത്തുണ്ട്. മെസ്സിയേക്കാള്‍ ഒരു അസിസ്റ്റ് കൂടുതലുമുണ്ട്. നിലവില്‍ ഗോള്‍ഡന്‍ ബോള്‍ റേസില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കിടിലന്‍ എംബാപെ തന്നെയാണ്.
ലോകകപ്പിലെ ‘എല്‍ ക്ലാസിക്കോ’ പോരിന് കളമൊരുങ്ങുന്നു; താരമാവാന്‍ പോകുന്നത് യമാലോ എംബാപെയോ?
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുകള്‍ നേടി ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച ബെല്ലിങ്ഹാം ഒരു ബിഗ് ഗെയിം പ്ലെയറാണ്. ഒരു ലോകകപ്പില്‍ ഒരു ഇംഗ്ലണ്ട് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഗോള്‍ വേട്ടയില്‍ ഹാരി കെയ്‌നൊപ്പമാണ് ബെല്ലിങ് ഹാം. ഗോളുകള്‍ക്ക് പുറമെ, പ്രതിരോധത്തിലുള്‍പ്പെടെ ഓടിക്കളിക്കുന്ന ബെല്ലിങ്ഹാം ആരാധകരെ വിസ്മയിപ്പിക്കുന്നു. ഗോള്‍ഡന്‍ ബോളിനുള്ള പോരാട്ടത്തിലും ബെല്ലിങ്ങ്ഹാം, മുന്നില്‍ തന്നെയുണ്ട്. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ 6 ഗോളുകള്‍ നേടികഴിഞ്ഞ ഹാരി കെയിനും ഗോള്‍ഡന്‍ ബോളിനുള്ള പട്ടികയിലുണ്ട്. കോംഗോയ്‌ക്കെതിരായ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിനെ തോളിലേറ്റി പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച കെയ്ന്‍ സെമിഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഗോളുകള്‍ അടിച്ചുകൂട്ടിയാല്‍ അത് ഗോള്‍ഡന്‍ ബോള്‍ സാധ്യതകള്‍ വര്‍ധിപ്പിക്കും.
ആറ് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധത്തെയും മധ്യനിരയെയും നിയന്ത്രിക്കുന്ന റോഡ്രിയാണ് ഗോള്‍ഡന്‍ ബോള്‍ നേടാന്‍ സാധ്യതയുള്ള മറ്റൊരു താരം. ഫിഫയുടെ പവര്‍ റാങ്കിങ്ങില്‍ ഡിഫന്‍ഡിങ് കാറ്റഗറിയില്‍ ഒന്നാമതാണ് റോഡ്രി.
അതേസമയം ഫ്രഞ്ച് മധ്യനിരയുടെ എഞ്ചിന്‍ മൈക്കിള്‍ ഒലിസെയും ഗോള്‍ഡന്‍ ബോള്‍ പട്ടികയിലുണ്ട്. കിലിയന്‍ എംബാപെയുടെയും ഉസ്മാന്‍ ഡെംബലെയുടെയും വഴികാട്ടി. ഈ ലോകകപ്പില്‍ അഞ്ച് അസിസ്റ്റുകളുമായി ഒലിസെ മുന്നിലാണ്. മെസ്സിയും എംബപെയും തമ്മിലുള്ള പോരാട്ടമായി ഇത് മാറുമോ, അതോ ബെല്ലിങ്ഹാമോ കെയ്‌നോ സ്പാനിഷ് കരുത്തനായ റോഡ്രിയോ ഈ അവാര്‍ഡ് തട്ടിയെടുക്കുമോ? ജൂലൈ 19ന് ലോകകപ്പ് കിരീടത്തിനൊപ്പം പ്രഖ്യാപിക്കപ്പെടുന്ന ആ സുവര്‍ണ താരം ആരായിരിക്കുമെന്ന് അറിയാന്‍ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുകയാണ്.




