തിരുവനന്തപുരം : ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിയില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ നടപടി വൈകുന്നതില്‍ സാങ്കേതിക വാദം നിരത്തി ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. നടപടിക്രമം തീരണമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വിശദീകരണം. എസ് ഐടി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി വൈകുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ മാധ്യമങ്ങളെ പഴിച്ച മുഖ്യമന്ത്രി, നടപടി എടുക്കുമ്പോള്‍ അറിഞ്ഞാല്‍ മതിയും തുറന്നടിച്ചു
എസ് ഐടി റിപ്പോര്‍ട്ട് നിലവില്‍ ഡിജിപിക്ക് മുന്നിലാണുള്ളതെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ വിശദീകരണം. ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും നടപടി എടുക്കാനാകില്ലെന്നും സതീശന്‍ പറയുന്നു. ‘എംആര്‍ അജിത് കുമാറിന്റെ കേസില്‍ പല കാരണം കൊണ്ടും പലര്‍ക്കും പല ധൃതിയും ഉണ്ടാകും.
പക്ഷേ നടപടി ക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങള്‍ അല്ല. മാധ്യമങ്ങള്‍ നടപടി എടുക്കുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു.
നവകേരള സദസ്സിനിടെ കറുത്ത കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്‌കെഎസ്യു പ്രവര്‍ത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതികളായ ഗണ്‍മാന്‍മാരെ രക്ഷിക്കാന്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന്റെ ഓഫീസില്‍ വെച്ച് കേസ് ഡയറി തിരുത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഡിജിപിക്കെതിരായ നടപടിയില്‍ നിയമപരമായ പോരായ്മകള്‍ ഉണ്ടാകാതിരിക്കാന്‍ നിലവില്‍ ഡിജിപി വിശദമായ നിയമോപദേശം തേടിയിരിക്കുകയാണ്.




