നിലവില്‍ 8 ഗോളുകളുമായി എംബാപ്പെ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നില്‍. അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിക്കും 8 ഗോളുകളുണ്ട്.
ഡാളസ്: സെമി ഫൈനലില്‍ സ്‌പെയിനോട് തോറ്റ് ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞെങ്കിലും, അവരുടെ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ഫ്രാന്‍സിന്റെ കിരീട മോഹങ്ങള്‍ അവസാനിച്ചെങ്കിലും, ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ‘ഗോള്‍ഡന്‍ ബൂട്ട്’ പുരസ്‌കാരത്തിനായുള്ള എംബാപ്പെയുടെ പോരാട്ടം ഇനിയും സജീവമാണ്.
നിലവില്‍ 8 ഗോളുകളുമായി എംബാപ്പെ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നില്‍. അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിക്കും 8 ഗോളുകളുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തില്‍ മുന്നിലുള്ളതിനാലാണ് (എംബാപ്പെ 3, മെസി 2) എംബാപ്പെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ 6 ഗോളുകളുമായി ഇരുവര്‍ക്കും തൊട്ടുപിന്നിലുണ്ട്. അര്‍ജന്റീന-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരഫലം ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും നിര്‍ണായകമാകും. ഫ്രാന്‍സിന് ഇനി ശനിയാഴ്ച മിയാമിയില്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ സെമിയില്‍ ജയിക്കുന്ന ടീമിലെ താരങ്ങള്‍ക്ക് ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങള്‍ കൂടി ലഭിക്കുമെന്നത് എംബാപ്പെക്ക് വലിയ വെല്ലുവിളിയാണ്.
ഗോള്‍ഡന്‍ ബൂട്ട് വിജയിയെ നിശ്ചയിക്കുന്നതില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പ്ലേ ഓഫ് മത്സരം നിര്‍ണ്ണായകമാകുന്നത് ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമാണ്. ഇതിന് മുന്‍പ് 1958 ലോകകപ്പിലാണ് സമാനമായ ഒരു സംഭവം ഉണ്ടായത്. അന്ന് ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍ വെസ്റ്റ് ജര്‍മ്മനിക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ 4 ഗോളുകള്‍ അടിച്ചുകൂട്ടി, ഒരൊറ്റ ലോകകപ്പില്‍ 13 ഗോളുകള്‍ എന്ന ഇന്നേവരെ തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡോടെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. 2022-ല്‍ 8 ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ട് നേടിയ എംബാപ്പെ, ഇത്തവണയും അത് നിലനിര്‍ത്തി തുടര്‍ച്ചയായ രണ്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഹാരി കെയ്ന്‍ 2018-ല്‍ ഇത് നേടിയിട്ടുണ്ടെങ്കിലും സാക്ഷാല്‍ ലിയോണല്‍ മെസിക്ക് ഇതുവരെ കരിയറില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌പെയിനെതിരായ മത്സരത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും മറ്റൊരു ചരിത്ര റെക്കോര്‍ഡിന് തൊട്ടരികിലാണ് 27-കാരനായ ഫ്രഞ്ച് നായകന്‍. വെറും 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്. 21 ഗോളുകളുള്ള ലയണല്‍ മെസ്സിയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരുടെ റെക്കോര്‍ഡിന് തൊട്ടുപിന്നിലാണ് എംബാപ്പെ ഇപ്പോള്‍.
ഇംഗ്ലണ്ടിനെതിരെ മെസി സ്‌കോര്‍ ചെയ്യാതിരിക്കുകയും ലൂസേഴ്‌സ് ഫൈനലില്‍ എംബാപ്പെ ഗോള്‍ നേടുകയും ചെയ്താല്‍ ഈ ലോകകപ്പില്‍ ലോകകപ്പിലെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെക്ക് സ്വന്തമാവും. ഇത്തവണ മെസിയെ മറികടന്നില്ലെങ്കിലും പ്രായം അനുകൂലമായതിനാല്‍, വരാനിരിക്കുന്ന ലോകകപ്പുകളില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെ തിരുത്തിയെഴുതുമെന്ന് ഉറപ്പാണ്.




