മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നല്‍കി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാന്‍ കാരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല. ഭൂമി ഏറ്റെടുക്കല്‍ വൈകില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുകയാണെന്നുമാണ് റവന്യു മന്ത്രി കെ.രാജന്റെ വിശദീകരണം.
ജൂലൈ 30നാണ് വയനാട് ജില്ലയിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടല്‍ നാശം വിതച്ചത്. ദുരന്തം നടന്ന് ആറ് മാസം കഴിഞ്ഞിട്ടും പുനരധിവാസത്തിനുളള നടപടികള്‍ മന്ദ ഗതിയിലാണ്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടി നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടും ഒരുമാസം കഴിഞ്ഞു. നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനാണ് ഹൈകോടതി ഉത്തരവ്. എന്നാല്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്.
എസ്റ്റേറ്റ് ഭൂമിക്കാണോ അതിലെ ചമയങ്ങള്‍ക്കാണോ നഷ്ടപരിഹാരം നല്‍കേണ്ടെതെന്നതിലാണ് അവ്യക്തത നിലനില്‍ക്കുന്നത്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലുമായി ചര്‍ച്ച നടത്തി വ്യക്തത വരുത്താന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എ.ജിയുമായി ചര്‍ച്ച നടത്തി നിര്‍ദേശം സമര്‍പ്പിക്കാന്‍ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി ഇതുവരെ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. സിവില്‍കേസില്‍പെട്ട ഭൂമി ഏറ്റെടുക്കമ്പോള്‍ കോടതിയില്‍ പണം കെട്ടിവെക്കുന്നതാണ് നിലവിലുളള കീഴ് വഴക്കം. കോടതി നിര്‍ദ്ദേശം പാലിച്ച് നഷ്ടപരിഹാരം ഉടമകള്‍ക്ക് നല്‍കിയാല്‍ സര്‍ക്കാരിന് നഷ്ടമുണ്ടാകുമെന്നാണ് റവന്യു വകുപ്പിന്റെ ആശങ്ക.
എന്തായാലും എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്ന നടപടിയില്‍ ഏറെയൊന്നും മുന്നോട്ട് പോകാന്‍ സര്‍ക്കാരിനായിട്ടില്ല. എന്നാല്‍ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ കാലതാമസമില്ലെന്നാണ് റവന്യു മന്ത്രി കെ.രാജന്റെ പ്രതികരണം.എസ്റ്റേറ്റിന്റെ അളവും മൂല്യ നിര്‍ണയവും നടന്നുവരികയാണ്.എ.ജിയുടെ ഉപദേശം ലഭിക്കുമ്പോള്‍ മറ്റ് നടപടികളെല്ലാം പൂര്‍ത്തിയാകും. താമസം വരാതിരിക്കാന്‍ ഭൂമിയുടെ വിലയും ചമയങ്ങളുടെ വിലയും പ്രത്യേകം പ്രത്യേകം കണക്കാക്കുന്നുണ്ടെന്നും മന്ത്രി കെ.രാജന്‍ അറിയിച്ചു.