കൊച്ചി: ശബരിമലയിലെ മില്‍മ നെയ്യ് വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം വിജിലന്‍സിന് വിട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച്. നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ഗൗരവതരമാണെന്ന് വിലയിരുത്തിയാണ് അന്വേഷണം വിജിലന്‍സിന് വിട്ടത്. പ്രത്യേക കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. വിഷയം അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കണം. കേസെടുത്ത് ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും വ്യക്തമാക്കിയ കോടതി, കേസില്‍ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17A പ്രകാരമുള്ള മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ ഓഗസ്റ്റ് 2 ലെ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശിച്ച കോടതി, അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കോ പൊതുജനങ്ങള്‍ക്കോ വെളിപ്പെടുത്തരുതെന്നും ഉത്തരവിട്ടു. അന്വേഷണ സംഘം കോടതിയോട് മാത്രമാണ് മറുപടി പറയാന്‍ ബാധ്യസ്ഥരായിട്ടുള്ളത്. കൂടാതെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രശാന്തിനെതിരെയടക്കം ഗുരുതര കണ്ടെത്തലുകള്‍
മില്‍മ വിതരണം ചെയ്ത 1,61,535 ലിറ്റര്‍ നെയ്യ് പൂര്‍ണ്ണമായും സന്നിധാനത്ത് എത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ കടുത്ത സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറി ലിറ്ററിന് 369 രൂപ നിരക്കില്‍ മികച്ച ഗുണനിലവാരമുള്ള നെയ്യ് നല്‍കാന്‍ തയ്യാറായിരിക്കെ, ഇത് മറികടന്നാണ് ലിറ്ററിന് 510 രൂപ നിരക്കില്‍ മില്‍മയ്ക്ക് കരാര്‍ നല്‍കിയത്. ദേവസ്വം കമ്മീഷണറുടെ എതിര്‍പ്പ് മറികടന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മില്‍മയില്‍ നിന്ന് നെയ്യ് വാങ്ങാന്‍ തീരുമാനമെടുക്കുകയായിരുന്നു. അന്തരിച്ച മുരാരി ബാബുവും ഈ ടെന്‍ഡര്‍ അട്ടിമറിക്ക് മുന്‍കൈ എടുത്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.




