മൊഗ്രാല്‍ പുത്തൂര്‍ :- കടലാക്രമണം തുടര്‍ക്കഥയാവുന്ന കാവുഗോളി, ചേരങ്കയ് കടപ്പുറത്ത് ടെട്രോപോഡ് കടല്‍ഭിത്തി നിര്‍മിക്കണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ തീരദേശ റോഡ് പൂര്‍ണമായും, നിരവധി തെങ്ങുകളും കടലെടുക്കുകയുണ്ടായി. സിപിസിആര്‍ഐ യുടെ സുരക്ഷ മതിലും തകര്‍ത്തു, വൈദ്യുതി തൂണുകള്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. മത്സ്യ തൊഴിലാളികളുടെ രണ്ട് വീടുകള്‍ ഏത് നിമിഷവും കടലെടുക്കുന്ന അവസ്ഥയിലാണ്. മുന്‍കാലങ്ങളിലും കടലാക്രമണത്തില്‍ തീരദേശ റോഡ് കടലെടുക്കുകയുണ്ടായിട്ടുണ്ട്.
നിലവിലുള്ള കരിങ്കല്‍ ഭിത്തിയും ജിയോബാഗുകളും തകര്‍ന്ന സ്ഥിതിക്ക്, ടെട്രോപോഡ് സുരക്ഷാ ഭിത്തി മാത്രമേ ശാശ്വത പരിഹാരമാവുകയുള്ളുവെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സോയ ലത്തീഫ്, മണ്ഡലം പ്രസിഡന്റ് വേലായുധന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ നാരായണന്‍ നായര്‍, ഹനീഫ ചേരങ്കയ് മണ്ഡലം സെക്രട്ടറി അലി എരിയാല്‍, കുഞ്ഞിക്കണ്ണന്‍, ലത്തീഫ് എരിയാല്‍ വാര്‍ഡ് പ്രസിഡന്റ് രാമകൃഷ്ണന്‍, കൃഷ്ണന്‍ നായര്‍, കിരണ്‍ കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.




