വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസുമായി കരാറിലേര്‍പ്പെടാന്‍ തയ്യാറാകണമെന്നാണ് ട്രംപ് പറഞ്ഞത്. അല്ലെങ്കില്‍ ഇറാന്‍ പൂര്‍ണമായും കീഴടങ്ങണമെന്നും ട്രംപ് പറഞ്ഞു. ‘ഇറാന് രണ്ട് വഴികളാണ് ഉള്ളത്, ഒന്നില്ലെങ്കില്‍ കരാര്‍ അല്ലെങ്കില്‍ പൂര്‍ണമായും കീഴടങ്ങല്‍’; എന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്ക ആഗ്രഹിക്കാത്തിടത്തോളം കാലം ഇറാനിലേക്ക് ഒന്നും കടന്നുവരില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ കഴിയില്ല. ഹോര്‍മൂസിന്റെ നിയന്ത്രണം ഇറാന്റെ കൈവശമെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ കടലിടുക്ക് തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു.
ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത ഇറാന്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്രംപ് രംഗത്തുവന്നത്. ഇറാന്‍ ഒമാനുമായി മാത്രമാണ് ഇടപെടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാന്റേത് ഇരട്ടത്താപ്പാണ്. തങ്ങളോട് ചര്‍ച്ചയ്ക്കായി യാചിക്കുമ്പോഴും പുറമേ ചര്‍ച്ചയ്ക്ക് ഇല്ലെന്നാണ് അവര്‍ പറയുന്നത്.
ഒമാന്റെ മധ്യസ്ഥതയിലൂടെ മാത്രമാണ് ചര്‍ച്ച നടത്തുന്നതെന്ന് ഇറാന്‍ അഭിമാനത്തോടെ പറയുമ്പോഴും അവര്‍ തങ്ങളോട് സഹകരിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കരാറിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രൂത്ത് സോഷ്യലിലൂടെയാണ് ഡോണള്‍ഡ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.




